ടീം രഹസ്യങ്ങൾ ചോർത്തിയത് സർഫറാസ് ഖാൻ​?; ബിസിസിഐക്ക് മുന്നിൽ പരാതിയുമായി ഗംഭീർ

Update: 2025-01-16 11:17 GMT
Editor : safvan rashid | By : Sports Desk
Advertising

ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിക്കിടെ ഇന്ത്യൻ ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ ചോർത്തിയത് സർഫറാസ് ഖാനാണെന്ന ആരോപണവുമായി പരിശീലകൻ ഗൗതം ഗംഭീർ. ആസ്ട്രേലിയൻ പര്യടനത്തെ വിലയിരുത്താനായി മുംബൈയിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച പരാതി ഗൗതം ഗംഭീർ ഉന്നയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാലാം മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഗംഭീർ ടീമംഗങ്ങളോട് ദേഷ്യപ്പെട്ട വാർത്ത ചോർത്തിയത് സർഫറാസാണെന്നാണ് ഗംഭീറിന്റെ ആരോപണം. നാലാം ടെസ്റ്റിന് പിന്നാലെ ടീം രഹസ്യങ്ങൾ ചോർന്നതിനെക്കുറിച്ച് ഗംഭീർ നേരത്തേ പ്രതികരിച്ചിരുന്നു.

‘‘ കോച്ചും കളിക്കാരും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ഡ്രസിങ് റൂമിൽ തന്നെ തുടരണം. ഇപ്പോൾ പുറത്ത് വന്നത് വെറും ആരോപണം മാത്രമാണ്. സത്യമല്ല. ഡ്രസിങ് റൂമിലുള്ളവർ സത്യസന്ധരായിരിക്കുന്നിടത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റ് സ​ു​രക്ഷിതമായിരിക്കും. ഡ്രസിങ് റൂമിൽ ഇടം ലഭിക്കുന്നത് പ്രകടനത്തിന്റെ മാത്രം ബലത്തിലായിരിക്കും. അവിടെ ഞങ്ങൾ കാര്യങ്ങൾ സംസാരിക്കുക സത്യസന്ധമായിട്ടാകും. സത്യസന്ധത സുപ്രധാനമായിരിക്കും’’’’ -ഗംഭീർ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു.

നാലാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീർ ടീംഗങ്ങളോട് ദേഷ്യപ്പെട്ടെന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.അഞ്ചുമത്സരങ്ങളങ്ങിയ പരമ്പരയിൽ ഒരു മത്സരത്തിലും സർഫറാസിന് അവസരം നൽകിയിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച സർഫറാസ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തിളങ്ങിയിരുന്നു. എന്നാൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ കാര്യമായി തിളങ്ങാതിരുന്നതോടെ സർഫറാസിന്റെ പുറത്തിരുത്തുകയായിരുന്നു. എന്നാൽ സർഫറാസിനെതിരെ തെളിവ് നൽകാൻ ഗംഭീറിന് സാധിച്ചി​ട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News