ഗപ്റ്റിലിനെയും ബോൾട്ടിനെയും ഒഴിവാക്കി: ഇന്ത്യക്കെതിരെ ടീം പ്രഖ്യാപിച്ച് ന്യൂസിലാൻഡ്
നവംബർ 18മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര
വെല്ലിങ്ടൺ: ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പരയിൽ നിന്ന് മാർട്ടിൻ ഗപ്റ്റിൽ, ട്രെൻഡ് ബോൾട്ട് എന്നിവരെ ഒഴിവാക്കി ന്യൂസിലാൻഡ് ടീം പ്രഖ്യാപിച്ചു. നവംബർ 18മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര. ഒന്നാം ടി20 വെള്ളിയാഴ്ച വെല്ലിങ്ടണിൽ ആരംഭിക്കും.
ന്യൂസിലാന്‍ഡ് ക്രിക്കറ്റുമായുള്ള കരാറിൽ നിന്ന് ഒഴിവാകാനുള്ള ബോൾട്ടിന്റെ തീരുമാനമാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്. അതേസമയം മോശം ഫോമാണ് ഗപ്റ്റിലിന് വിനയായത്. ആസ്‌ട്രേലിയയിൽ സമാപിച്ച ലോകകപ്പിൽ ന്യൂസിലാന്‍ഡിന്റെ ഭാഗമായി ഗപ്റ്റില്‍ ടീമിലുണ്ടായിരുന്നുവെങ്കിലും ഫിന്‍ അലനാണ് ഓപ്പണറായി എത്തിയത്. ന്യൂസിലൻഡിനായി വർഷങ്ങളായി ഓപ്പണര്‍ റോളില്‍ എത്തിയിരുന്ന ഗപ്റ്റിലിന് ടൂർണമെന്റിൽ ഒരിക്കൽ പോലും അവസരം ലഭിച്ചിരുന്നില്ല.
7346 റൺസ് നേടിയ 36കാരനായ ഗപ്റ്റില്‍ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനായി കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ കളിക്കാരനാണ്. ഫിന്‍ അലനായിരിക്കും ഇനി ക്രിക്കറ്റിന്റെ ചെറുപതിപ്പുകളില്‍ ന്യൂസിലാന്‍ഡിനായി ഓപ്പണറുടെ റോളിലെത്തുക. 30 കാരനായ ഫാസ്റ്റ് ബൗളർ ആദം മിൽനയെ ഏകദിന-ടി20 ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് വർഷത്തിന് ശേഷമാണ് മില്‍നയെ ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കെയിന്‍ വില്യംസണാണ് ടീമിനെ നയിക്കുന്നത്. കൈൽ ജാമിസണെയും ബെൻ സിയേഴ്‌സിനെയും പരിക്കുമൂലം പരിഗണിച്ചിട്ടില്ല. അതേസമയം ജിമ്മി നീഷാം മൂന്നാമത്തെ ഏകദിനത്തില്‍ കളിക്കില്ല. വിവാഹത്തിനായാണ് താരത്തിന് അവധി നല്‍കുന്നത്.
ടി20 ടീം: കെയ്ൻ വില്യംസൺ (നായകന്‍), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്ക്നർ
ഏകദിന ടീം: കെയ്ൻ വില്യംസൺ (നായകന്‍), ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മാറ്റ് ഹെൻറി