ധ്രുവ് ജുറേൽ മികച്ചതാരം, ധോണിയുമായി താരതമ്യത്തിന് സമയമായില്ലെന്ന് സൗരവ് ഗാംഗുലി

സമ്മർദ്ദ ഘട്ടത്തിൽ മികച്ചരീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുന്നതാണ് പ്രധാനം. യുവതാരത്തെ വ്യത്യസ്തനാക്കുന്നതും അതാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

Update: 2024-03-01 12:37 GMT
Editor : Sharafudheen TK | By : Web Desk
Advertising

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേൽ. റാഞ്ചി ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ യുവതാരത്തെ  എം.എസ് ധോണിയുമായി താരതമ്യപ്പെടുത്തി മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത എംഎസ് ധോണി ജനിച്ചിരിക്കുന്നുവെന്നായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം. എന്നാൽ ഈ താരതമ്യം അനാവശ്യമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇത്ര നേരത്തെ തന്നെ ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഗാംഗുലി  പറഞ്ഞത്. ജുറേലിന്റെ പ്രകടനം നിർണായകവും മികച്ചതുമാണെന്ന് മുൻ ബിസിസിഐ പ്രസിഡന്റ്കൂടിയായ ഗാംഗുലി വ്യക്തമാക്കി.

'സമ്മർദ്ദത്തിനിടയിലും മികച്ച പ്രകടനമാണ്  ജുറേൽ പുറത്തെടുത്തത്. അവൻ കഴിവുള്ള താരമാണ്. അതിൽ ഒരു സംശയവുമില്ല. എന്നാൽ എംഎസ് ധോണി വ്യത്യസ്ത ലീഗിൽപ്പെടുന്ന താരമാണ്. ധോണിക്ക് യഥാർത്ഥ ധോണിയായി മാറാൻ 20 വർഷമെടുത്തു'- മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ജുറേലിൽ നിന്ന് ഇനിയും മികച്ച ഇന്നിങ്‌സുകളുണ്ടാവട്ടെ. സ്പിന്നിനെതിരെയും പേസിനെതിരെയും കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രതീക്ഷ നൽകുന്നതാണ്.

സമ്മർദ്ദഘട്ടത്തിൽ ഇങ്ങനെ ബാറ്റ് ചെയ്യാൻ കഴിയുന്നതാണ് പ്രധാനം. യുവ താരത്തെ വ്യത്യസ്തനാക്കുന്നതും അതാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.  റാഞ്ചി ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ജുറേലിന്റെ 90 റൺസ് പ്രകടനമായിരുന്നു. രണ്ടാം ഇന്നിങ്‌സിലും തോൽവിയുടെ വക്കിൽ നിൽക്കെ ശുഭ്മാൻ ഗിലുമൊത്തുള്ള പാർട്ടർഷിപ്പും നിർണായകമായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News