50ാം ജന്മദിനം സച്ചിനും ജയ് ഷാക്കുമൊപ്പം ആഘോഷിച്ച് സൗരവ് ഗാംഗുലി
ഇന്ത്യൻ ടീം പര്യടനം നടത്തുന്ന ഇംഗ്ലണ്ടിലാണ് ഗാംഗുലി ഇപ്പോഴുള്ളത്
50ാം ജന്മദിനം സച്ചിൻ ടെണ്ടുൽക്കറിനും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കുമൊപ്പം ആഘോഷിച്ച് പ്രസിഡൻറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജന്മദിനം. എന്നാൽ നേരത്തെ ആഘോഷം തുടങ്ങിയത് മുൻ ഐപിഎൽ ചെയർമാനും വെറ്ററൻ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്ററുമായ രാജീവ് ശുക്ലയാണ് പുറത്തുവിട്ടത്. ആഘോഷത്തിന്റെ ചിത്രം അദ്ദേഹം വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. 'സൗരവ് ഗാംഗുലിയുടെ 50ാം ജന്മദിനം ആഘോഷിച്ചു. അദ്ദേഹത്തിന് ആരോഗ്യകരവും സന്തോഷകരവുമായ ഭാവി ജീവിതം ആശംസിക്കുന്നു' ചിത്രത്തിനൊപ്പം ശുക്ല കുറിച്ചു.
ഇന്ത്യൻ ടീം പര്യടനം നടത്തുന്ന ഇംഗ്ലണ്ടിലാണ് ഗാംഗുലി ഇപ്പോഴുള്ളത്. ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ വരാനിരിക്കുന്ന ഏകദിനങ്ങളിലും ടി20യിലും തിരിച്ചുവരാനൊരുങ്ങുകയാണ്. ഗാംഗുലിക്കും സച്ചിനും ഇംഗ്ലണ്ടിൽ ഏറെ നല്ല ക്രിക്കറ്റ് ഓർമകളുണ്ട്. ടെസ്റ്റിലും ഏകദിനങ്ങളിലുമായി ഇരുവരും ചേർന്ന് നിരവധി റൺവേട്ട നടത്തിയിട്ടുണ്ട്. 2007ൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടിയ അവസാന ഇന്ത്യൻ ടീമിൽ ഇരുവരും അംഗങ്ങളായിരുന്നു. ഇന്നത്തെ കോച്ചായ രാഹുൽ ദ്രാവിഡായിരുന്നു അന്നത്തെ ക്യാപ്റ്റൻ.
2002ൽ ഇംഗ്ലണ്ടിൽ നാറ്റ്‌വെസ്റ്റ് ട്രോഫി നേടിയ ടീമിലും സച്ചിനും ഗാംഗുലിയുമുണ്ടായിരുന്നു. ഏകദിനത്തിലെ ഏറ്റവും വലിയ പാർട്ണർഷിപ്പിന്റെ ലോക റെക്കോർഡ് ഇരുവരുടെയും പേരിലാണ്. സഖ്യ 176 ഇന്നിംഗ്‌സുകളിലായി 47.55 ശരാശരിയിൽ 8227 റൺസ് നേടിയിട്ടുണ്ട്.
സൗരവ് ഗാംഗുലിയുടെ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ മുമ്പ് ലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ക്രിക്കറ്റിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയെന്നും ജീവിതത്തിൽ താൻ പുതിയ ഒരു അധ്യായം തുറക്കാൻ ഒരുങ്ങുന്നതായുമാണ് ഗാംഗുലി ട്വീറ്റ് ചെയ്തത്. 1992 മുതൽ ക്രിക്കറ്റിനൊപ്പമുള്ള തന്റെ യാത്ര 2022 ഓടെ 30 വർഷം ൂർത്തിയാക്കിയിരിക്കുകയാണെന്നും ഇനി ജനങ്ങളെ സഹായിക്കാൻ വഴിയൊരുക്കുന്ന ചില കാര്യങ്ങൾ തുടങ്ങുകയാണെന്നുമാണ് ഗാംഗുലി ട്വീറ്റിൽ പറഞ്ഞിരുന്നത്. ട്വീറ്റ് പുറത്തു വന്നതോടെ ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നതിൻെഞ സൂചനകളാണ് ട്വീറ്റ് എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നു തുടങ്ങി. ഗാംഗുലി രാജ്യസഭാ സ്ഥാനാർഥിയായേക്കും എന്നുവരെ പോയി വാർത്തകൾ. അതിനിടെ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡൻറ് പദവി രാജിവെച്ചതായി വാർത്തകളുണ്ടായി. എന്നാൽ അദ്ദേഹം സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഒടുവിൽ ഈ അഭ്യൂഹങ്ങൾക്കൊക്കെ ഗാംഗുലി തന്നെ വിരാമം കുറിച്ചു. താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും സ്വന്തമായി തുടങ്ങാനിരിക്കുന്ന ഒരു വിദ്യാഭ്യാസ ആപ്പിനെ കുറിച്ചായിരുന്നു ആ ട്വീറ്റെന്നുമാണ് ഗാംഗുലി പ്രതികരിച്ചിരുന്നത്. താൻ ബി.സി.സി.ഐ പ്രസിഡൻറ് സ്ഥാനം രാജിവച്ചിട്ടില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
'നേരത്തേ ഞാൻ പോസ്റ്റ് ചെയ്ത എൻറെ ട്വീറ്റിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ പലരും ഉന്നയിച്ചു കേട്ടു. ഇന്ത്യയെ ഉന്നതികളിലേക്ക് കൈ പിടിച്ചുയർത്തുന്ന ഒരു പറ്റം മനുഷ്യരെക്കുറിച്ച് ആലോചിക്കുകയാണ് ഞാനിപ്പോൾ. ഐ.പി.എൽ നമുക്ക് നിരവധി മികച്ച താരങ്ങളെ സമ്മാനിച്ചു. പക്ഷേ എന്നെ പ്രചോദിപ്പിച്ചത് ഇതിന് പിറകിൽ പ്രവർത്തിക്കുന്ന പരിശീലകരുടെ അധ്വാനമാണ്. ക്രിക്കറ്റിൽ മാത്രമല്ല.. വിദ്യാഭ്യാസം, ഫുട്ബോൾ, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും ഇങ്ങനെ കുറേ ഹീറോകളുണ്ട്. അഭിനേതാക്കൾ, കായിക താരങ്ങൾ, സി.ഇ.ഒ മാർ തുടങ്ങി നിരവധി പേരെ നമ്മൾ ആഘോഷമാക്കിയിട്ടുണ്ട്.. എന്നാൽ ഇപ്പോൾ ഇതാ യഥാർഥ ഹീറോകളെ ആഘോഷിക്കാൻ സമയമായിരിക്കുന്നു. ലോകമെമ്പാടുമുള്ള പരീശീലകർ, അധ്യാപകർ , എഡുക്കേറ്റർമാർ തുടങ്ങിയവർക്കായി ഞാൻ ഒരു പുതിയ സംരഭം തുടങ്ങുകയാണ് '- ഗാംഗുലി കുറിച്ചു.
Sourav Ganguly celebrates his 50th birthday with Sachin Tendulkar and Jay Sha