കോഹ്‌ലിയുടെ മനോഭാവം എനിക്ക് ഇഷ്ടമാണ്, പക്ഷേ... -ഗാംഗുലി
കോഹ്‌ലി-ഗാംഗുലി വിവാദത്തിൽ നിലവിൽ ബിസിസിഐ ധർമസങ്കടത്തിലാണ്.
വലിയൊരു ഇടവേളക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ അസ്വാരസ്യങ്ങൾ പരസ്യമാകുന്ന കാലഘട്ടമാണ് കടന്നുപോകുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയാകുന്നത്.
കാര്യങ്ങൾ അങ്ങനെയിരിക്കേ കോഹ്‌ലിയുടെ മനോഭാവം തനിക്ക് ഇഷ്ടമാണെന്നാണ് ഗാംഗുലിയുടെ നിലവിലെ നിലപാട്.
' എനിക്ക് കോഹ്‌ലിയുടെ മനോഭാവം വലിയ ഇഷ്ടമാണ്, പക്ഷേ അവൻ നന്നായി പൊരുതും'- ഗാംഗുലി പറഞ്ഞു.
നേരത്തെ ഗാംഗുലിക്കെതിരേ വിരാട് കോഹ്‌ലിയുടെ പ്രസ്താവന വിവാദമായിരുന്നു. ട്വന്റി-20 നായകസ്ഥാനത്ത് നിന്ന് മാറരുതെന്ന താൻ വിരാടിനോട് ആവശ്യപ്പെട്ടിരുന്നു എന്ന ഗാംഗുലിയുടെ അവകാശവാദത്തെ കോഹ്‌ലി പരസ്യമായി തള്ളിയതാണ് വിവാദമായത്. വിഷയത്തിൽ ഗാംഗുലി കാര്യമായി പ്രതികരിക്കാൻ തയാറായിട്ടില്ല. ' എനിക്കൊന്നും പറയാനില്ല, ആ കാര്യങ്ങൾ ബിസിസിഐക്ക് വിട്ടേക്കൂ, ഞങ്ങൾ നോക്കിക്കൊള്ളാം എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
നിലവിൽ ബിസിസിഐ ധർമസങ്കടത്തിലാണ്. കോഹ്‌ലി പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞാൽ ഇപ്പോഴും പകരക്കാരനില്ലാത്ത വിരാട് കോഹ്‌ലിയുടെ ഇമേജ് തകർക്കുന്നതാവും അത്. കോഹ്‌ലിയുടെ ആരാധകപിന്തുണ കൂടി കണക്കാക്കുമ്പോൾ അത്തരത്തിലൊരു നടപടിയിലേക്ക് കടക്കാൻ ബിസിസിഐ മുതിരില്ല. ഇനി ബിസിസിഐ മൗനം പാലിച്ചാലും പ്രശ്‌നമാണ്, അപ്പോൾ കോഹ്‌ലി പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ആരാധകർ വിചാരിക്കും. കോഹ്‌ലിയെ ബോർഡ് മനപൂർവം അപമാനിച്ചു എന്ന രീതിയിലേക്ക് കാര്യങ്ങൾ പോകും.
വിവാദങ്ങൾ ഒരുവഴിക്ക് മുന്നേറവെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ടെസ്റ്റ് സംഘം ദക്ഷിണാഫ്രിക്കയിലെത്തി. കോഹ്‌ലി നയിക്കുന്ന ടെസ്റ്റ് പടയ്ക്ക് മൂന്ന് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയോട് കളിക്കാനുള്ളത്. 26നാണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. അതേസമയം ജനുവരി 19 ന് ആരംഭിക്കുന്ന ഏകദിന പരമ്പര നയിക്കാൻ രോഹിത് ശർമയുണ്ടാകുമോ എന്ന് ഉറപ്പായിട്ടില്ല. പരിക്കാണ് രോഹിത്തിന് വില്ലനാകുന്നത്.