പരിശീലനത്തിനിടെ ഓൾറൗണ്ടർക്ക് പരിക്ക്; രണ്ടാം ടെസ്റ്റിന് തൊട്ടുമുൻപ് ഇന്ത്യക്ക് ആശങ്ക
സെഞ്ചൂറിയനിൽ വൻതോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ജയം അനിവാര്യമാണ്.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് തൊട്ടുമുൻപ് ഇന്ത്യക്ക് ആശങ്കയായി ഓൾറൗണ്ടറുടെ പരിക്ക്. പരിശീലനത്തിനിടെ ശർദുൽ താക്കൂറിനാണ് തോളിന് പരിക്കേറ്റത്. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് തോളിലിടിക്കുകായിരുന്നു. വേദനകൊണ്ടുപുളഞ്ഞ താരത്തെ പിന്നീട് ഫിസിയോയെത്തി പരിശോധിക്കുകയുണ്ടായി. പിന്നീട് ബാറ്റിങ് പുനരാരംഭിച്ചെങ്കിലും ബൗളിങ് പരിശീലനത്തിനിറങ്ങിയിരുന്നില്ല.
ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. സെഞ്ചൂറിയനിൽ വൻതോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ജയം അനിവാര്യമാണ്. രണ്ടാംടെസ്റ്റിന് മുൻപായി പേസർ ആവേശ്ഖാനെ ഉൾപ്പെടുത്തിയിരുന്നു. ത്രോഡൗണുകൾ നേരിടുന്നതിനിടെ പന്ത് അപ്രതീക്ഷിതമായി ബൗൺസ് ചെയ്ത് ശർദുലിന്റെ ഇടത് തോളിൽ കൊള്ളുകയായിരുന്നു.
നേരത്തെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമയും പേസർ ജെറാൾഡ് കോട്സിയും പരിക്കേറ്റ് പുറത്തായിരുന്നു. ആദ്യ ടെസ്്റ്റിൽ ഫീൽഡിങിനിടെയാണ് ബവുമക്ക് പരിക്കേറ്റത്. തുടർന്ന് ബാറ്റിങിനും ഇറങ്ങിയിരുന്നില്ല. പരിക്കേറ്റ ബവുമയുടെ അഭാവത്തിൽ ഓപ്പണർ ഡീൻ എൽഗറാണ് രണ്ടാം ടെസ്റ്റിൽ പ്രോട്ടീസിനെ നയിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച എൽഗറിന്റെ അവസാന ടെസ്റ്റാണ് കേപ് ടൗണിലേത്. സെഞ്ചൂറിയനിൽ 185 റൺസുമായി ദക്ഷിണാഫ്രിക്കൻ വിജയത്തിൽ നിർണായക പ്രകടനമാണ് താരം നടത്തിയത്.