അവസാന ഓവറുകളില്‍ കത്തിക്കയറി ബംഗ്ലാദേശ്; ശ്രീലങ്കക്ക് ജയിക്കാന്‍ 184 റണ്‍സ്
വാലറ്റത്തെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 183 റണ്‍സെടുത്തു
സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോര്‍. അവസാന ഓവറില്‍ ആഞ്ഞടിച്ച വാലറ്റത്തിന്‍റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് 183 റണ്‍സെടുക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് ഇരു ടീമുകളും ആദ്യ മത്സരം തോറ്റിരുന്നു. അതുകൊണ്ട് തന്നെെ ഇന്ന് ജയിക്കുന്ന ടീമാകും രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ബിയില്‍ നിന്ന് സൂപ്പര്‍ ഫോറില്‍ എത്തുക.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിനായി ഓപ്പണര്‍ മെഹ്ദി ഹസനും മധ്യനിരയില്‍ അഫിഫ് ഹുസൈനും മികച്ച ബാറ്റിങ് പുറത്തെടുത്തു. 19 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനായി രണ്ടാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസനും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഹസരങ്ക ശ്രീലങ്കക്കായി ബ്രേക്ത്രൂ കണ്ടെത്തി. 26 പന്തില്‍ 38 റണ്‍സെടുത്ത മെഹ്ദി ഹസനെ ഹസരങ്ക ബൌള്‍ഡാക്കുകയായിരുന്നു. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബംഗ്ലാദേശിനായി അഞ്ചാം വിക്കറ്റില്‍ അഫിഫ് ഹുസൈനും മഹ്മുദുല്ലയും ചേര്‍ന്ന് 67 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. അഫിഫ് ഹുസൈന്‍ 39 റണ്‍സെടുത്തപ്പോള്‍ മഹ്മുദുല്ല 27 റണ്‍സെടുത്ത് പുറത്തായി.
പിന്നീടെത്തിയ മൊസദ്ദെക് ഹുസൈൻ വാലറ്റത്ത് നടത്തിയ വെടിക്കെട്ടാണ് ബംഗ്ലാദേശിനെ 180 കടത്തിയത്. വെറും ഒന്‍പത് പന്തുകളില്‍ നാല് ബൌണ്ടറികളുടെ അകമ്പടിയോടെ മൊസദ്ദെക് 24 റണ്‍സെടുത്തു. ആറ് പന്തുകളില്‍ 11 റണ്‍സുമായി തസ്കിന്‍ അഹമ്മദും വാലറ്റത്ത് മികച്ച പ്രകടനം നടത്തി. ശ്രീലങ്കക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് കണ്ടെത്തി. ഹസരങ്കക്കും കരുണരത്നക്കും രണ്ടു വീതം വിക്കറ്റ് ലഭിച്ചു.