അസലൻക കൊടുങ്കാറ്റിൽ ബംഗ്ല കടുവകൾക്ക് തോൽവി
അസലൻക 49 പന്തിൽ പുറത്താകാതെ 80 റൺസെടുത്തപ്പോൾ രജപക്ഷ 31 പന്തിൽ 53 റൺസെടുത്തു
ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. അഞ്ചുവിക്കറ്റിനാണ് ലങ്കയുടെ ജയം. ചരിത്ത് അസലൻകയുടെയും ബാനുക രജപക്ഷയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത്. അസലൻക 49 പന്തിൽ പുറത്താകാതെ 80 റൺസെടുത്തപ്പോൾ രജപക്ഷ 31 പന്തിൽ 53 റൺസെടുത്തു.
ആദ്യ ഓവറിലെ നാലാം പന്തിൽ ഓപ്പണർ കുശാൽ പെരേരയെ പുറത്താക്കി നസൂം അഹമ്മദ് ബംഗ്ലാദേശിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ രണ്ടാം വിക്കറ്റിൽ 69 റൺസാണ് അസലൻകയും നിസ്സാൻകയും കൂട്ടിച്ചേർത്ത്. 71 റൺസിൽ നിസ്സാൻക പുറത്തായി. പിന്നീടെത്തിയ അവിഷ്‌ക ഫെർണാണ്ടോയും ഒരു റൺസും എടുക്കാതെ കൂടാരം കേറിയപ്പോൾ ശ്രീലങ്ക തോൽവിയിലേക്ക് അടുക്കുകയാണോ എന്ന തോന്നലിലെത്തിച്ചെങ്കിലും അസലൻകയും രജപക്ഷയും ടീമിനെ കരകയറ്റുകയായിരുന്നു.
ജയിക്കാൻ 7 റൺസ് അകലെ രജപക്ഷ പുറത്തായെങ്കിലും ക്യാപ്റ്റൻ ദസുൻ ശാനകയും അസലൻകയും ടീമിനെ വിജയത്തിലെത്തിച്ചു. ബംഗ്ലാദേശിനായി നസും അഹമ്മദും ഷക്കീബ് അൽ ഹസനും രണ്ടു വിക്കറ്റു വീതവും മുഹമ്മദ് സെയ്ഫൂദ്ദീൻ ഒരു വിക്കറ്റും നേടി.