ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നേടിയത് 100 കോടിയിലേറെ
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിന്ന് നിരവധി താരങ്ങൾ വിട്ടുനിൽക്കുകയും ആരാധകർ പോലും ടീമിനെ കൈവിട്ടു നിൽക്കുന്ന അവസ്ഥയിലാണ് ഇന്ത്യയുമായുള്ള പരമ്പര നടന്നത്.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ ലാഭം കൊയ്ത് ശ്രീലങ്കൻ ക്രിക്കറ്റ്്. ആഭ്യന്തര പ്രശ്‌നങ്ങളിലും വരുമാന പ്രശ്‌നങ്ങളിലും പെട്ട് പ്രതിസന്ധിയിലായിരുന്ന ശ്രീലങ്കൻ ക്രിക്കറ്റിന് എല്ലാ രീതിയിലും അനുഗ്രഹമായി മാറുകയായിരുന്നു ഇന്ത്യയുടെ പര്യടനം.
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽ നിന്ന് നിരവധി താരങ്ങൾ വിട്ടുനിൽക്കുകയും ആരാധകർ പോലും ടീമിനെ കൈവിട്ടു നിൽക്കുന്ന അവസ്ഥയിലാണ് ഇന്ത്യയുമായുള്ള പരമ്പര നടന്നത്.
14.5 മില്യൺ ഡോളറാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലൂടെ ശ്രീലങ്കൻ ക്രിക്കറ്റിന് ലഭിച്ചതെന്ന് (ഏകദേശം 107 കോടി ഇന്ത്യൻ രൂപ) ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡി സിൽവ പറഞ്ഞു. ആദ്യം മൂന്ന് ഏകദിനം മാത്രമാണ് ഇന്ത്യയുമായി കളിക്കാൻ നിശ്ചയിച്ചിരുന്നത്. ശ്രീലങ്കൻ ക്രിക്കറ്റിന്റെ സമ്മർദം മൂലമാണ് മൂന്ന് ട്വന്റി-20 കൂടി കളിക്കാൻ ഇന്ത്യ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
ആ തീരുമാനം വലിയ രീതിയിൽ വരുമാനം കൂട്ടാൻ സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയുമായുള്ള മത്സരങ്ങളിലൂടെ ലഭിച്ച പരസ്യ വരുമാനം ശ്രീലങ്കൻ ക്രിക്കറ്റിന് വലിയ സഹായമായെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
പരസ്യവരുമാനം കൂടാതെ ടീമിന്റെ മോശം പ്രകടനത്തിൽ വിമർശിച്ചിരുന്ന ആരാധകരെ ഇന്ത്യയ്‌ക്കെതിരേ നേടിയ ട്വന്റി-20 പരമ്പരയിലെ വിജയത്തിലൂടെ അൽപ്പമെങ്കിലും തൃപ്തിപ്പെടുത്താനും അവർക്ക് സാധിച്ചു. ഇന്ത്യയുടെ രണ്ടാം നിര ടീമാണ് കളിക്കാൻ വന്നതെങ്കിലും ഈ വർഷത്തെ ശ്രീലങ്കയുടെ ആദ്യ വിജയം ഇന്ത്യയ്‌ക്കെതിരേ തന്നെ നേടാനായത് അവർക്ക് ആശ്വാസം പകരും. പര്യടനത്തിൽ ഏകദിന പരമ്പര ഇന്ത്യയും ട്വന്‍റി-20 പരമ്പര ശ്രീലങ്കയും നേടുകയായിരുന്നു.