അമ്പമ്പോ സ്മിത്ത്: ബിഗ്ബാഷിൽ രണ്ടാമത്തെ സെഞ്ച്വറി, അപാരഫോമിൽ
സ്മിത്തിന് ടി20ക്രിക്കറ്റ് വഴങ്ങില്ലെന്ന വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് നില്‍ക്കവെയാണ് ബാറ്റുകൊണ്ട് മറുപടി പറയുന്നത്
സിഡ്‌നി: ബിഗ്ബാഷ് ലീഗിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ആസ്‌ട്രേലിയൻ മുൻനായകൻ സ്റ്റീവ് സ്മിത്ത്. ബിഗ്ബാഷ് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്നത്. സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമായ സ്മിത്ത് അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്മിത്ത് ബിഗ് ബാഷിലേക്ക് എത്തുന്നത്.
ടെസ്റ്റ്-ഏകദിന ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റർ എന്ന നിലയ്ക്കാണ് സ്മിത്ത് ഇപ്പോൾ അറിയപ്പെടുന്നതെങ്കിൽ ടി20യിലെ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകുകയാണ് താരം.
സിഡ്‌നി തണ്ടേര്‍സിന് എതിരായ മത്സരത്തിലായിരുന്നു സ്മിത്തിന്റെ രണ്ടാം സെഞ്ച്വറി. 56 പന്തില്‍ സെഞ്ച്വറിയിലെത്തിയ സ്‌മിത്ത് 66 പന്തില്‍ അഞ്ച് ഫോറും 9 സിക്‌സും സഹിതം 125* റണ്‍സുമായി പുറത്താവാതെ നിന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു സ്മിത്ത് തകര്‍ത്ത് കളിച്ചത്. നേരത്തെ, അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയും സ്മിത്ത് ഉജ്വല സെഞ്ച്വറി നേടിയിരുന്നു. 56 പന്തില്‍ 101 റണ്‍സാണ് ആ മത്സരത്തില്‍ നേടിയത്. അതേസമയം ഇതുവരെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്നായി 131 ശരാശരിയിലും 175.83 സ്ട്രൈക്ക് റേറ്റിലും 261 റണ്‍സാണ് സ്മിത്ത് നേടിയത്.
സ്മിത്തിന് ടി20ക്രിക്കറ്റ് വഴങ്ങില്ലെന്ന വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് നില്‍ക്കവെയാണ് ബാറ്റുകൊണ്ട് മറുപടി പറയുന്നത്. വരുന്ന ഐപിഎലില്‍ സ്മിത്ത് ഒരു ടീമിന്റെയും ഭാഗമല്ല. അതേസമയം നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി സ്റ്റീവ് സ്മിത്ത് അടുത്ത മാസം ഇന്ത്യയിലെത്തും. തന്റെ നിലവിലെ ഫോമില്‍ സ്മിത്ത് തുടര്‍ന്നാല്‍ കംഗാരുപ്പടക്ക് ആശ്വാസമാകും. ഫെബ്രുവരി ഒമ്പതിന് ടെസ്റ്റ് പരമ്പര ആരംഭിക്കും.