ഉമ്രാൻ മാലികിനെ സിക്സർ പറത്തുമെന്ന് ഷഹബാസ് അഹമ്മദ്; പരിശീലന മത്സരത്തിൽ സംഭവിച്ചത്- വീഡിയോ

ശനിയാഴ്ച രാത്രി 7.30ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് എസ്ആർഎച്ചിന്റെ ആദ്യമത്സരം.

Update: 2024-03-18 12:44 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹൈദരാബാദ്: ഐപിഎലിന് ദിവസങ്ങൾ ബാക്കിനിൽക്കെ ടീമുകളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. പ്രധാന താരങ്ങളെല്ലാം ടീം ക്യാമ്പിൽ എത്തിചേർന്നതോടെ പരിശീലന മത്സരം കളിക്കുന്ന തിരക്കിലാണ് ഫ്രാഞ്ചൈസികൾ. വെള്ളിയാഴ്ച രാത്രി എട്ടിന് ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ മത്സരത്തോടെയാണ് പതിനേഴാം പതിപ്പിന് തുടക്കമാകുക. ഐപിഎലിനായി ഒരുങ്ങുന്ന സൺ റൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എസ്ആർഎച്ചിന്റെ ​സ്പീഡ് ​ഗൺ ഉമ്രാൻ മാലികും ഓൾറൗണ്ടർ ഷഹബാസ് അഹമ്മ​ദും കൊണ്ടും കൊടുത്തും നടത്തിയ രസകരമായ വാ​ഗ്വാദമാണ് ഔദ്യോ​ഗിക സമൂഹ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്.

Full View

ഹൈദരാബാദിൽ നടന്ന പരിശീലന മത്സരമാണ് വേദിയായത്. ഉമർ മാലികിനെ സിക്സറും ബൗണ്ടറിയും പറത്തി ഷഹബാദ് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. താരത്തെ എങ്ങനെ നേരിടാമെന്ന് തനിക്കറിയാമെന്നും രണ്ടാം പരിശീലന മാച്ചിലും ഇതാവർത്തിക്കുമെന്നും ഷഹബാസ് വീഡിയോയിൽ വ്യക്തമാക്കി. യൂട്യൂബിൽ കളി ലൈവായി കാണിക്കുന്നുണ്ടെന്നും ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുമെന്നും അറിയിച്ചു. എന്നാൽ രണ്ടാം മാച്ചിൽ കഥമാറി. അതിവേ​ഗത്തിലെത്തിയ കശ്മീർ പേസറുടെ പന്തിന്റെ ​ഗതി മനസിലാകാതെ ആദ്യ പന്തിൽതന്നെ മുൻ ആർസിബി താരം പുറത്തായി. എന്റെ മറുപടി ബൗളിങിലൂടെ നൽകിയെന്നും വീണ്ടും കാണാമെന്നുമായിരുന്നു ഉമ്രാൻ മാലികിന്റെ മാസ് മറുപടി.

അതേസമയം, മത്സരത്തിൽ 22 പന്തിൽ 40 റൺസെടുത്താണ് ഷഹബാസ് മൈതാനം വിട്ടത്. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ഔൾറൗണ്ടർ  ഇത്തവണ എസ്ആർഎച്ചിന്റെ പ്രധാന താരമാണ്. അടുത്തിടെ ബിസിസിഐയുടെ വാർഷിക കരാറിൽ ബൗളർമാരുടെ പട്ടികയിൽ ഇടംപിടിച്ച ഉമ്രാൻ, ഐപിഎലിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ്. ശനിയാഴ്ച രാത്രി 7.30ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് എസ്ആർഎച്ചിന്റെ ആദ്യമത്സരം. നേരത്തെ എയ്ഡൻ മാർക്രത്തെ മാറ്റി പാറ്റ് കമ്മിൻസിനെ ഓറഞ്ച് ആർമി ക്യാപ്റ്റനായി അവരോധിച്ചിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News