'സൂര്യൻ ജ്വലിക്കും, ഇനിയും അവസരങ്ങൾ കൊടുക്കണം': വമ്പൻ പിന്തുണയുമായി യുവ്‌രാജ് സിങ്
സഞ്ജു സാംസണെപ്പോലുള്ളവർക്ക് അവസരം കൊടുക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകണമെന്ന് യുവ്‌രാജ് സിങ് ആവശ്യപ്പെടുന്നത്
മുംബൈ: ഏകദിനത്തിൽ പരാജയപ്പെട്ട മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിന് പിന്തുണയുമായി മുൻഇന്ത്യൻ താരം താരം യുവ്‌രാജ് സിങ്. ഒരാളുടെ കരിയറിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണെന്നു സൂര്യകുമാറിന് ഇനിയും അവസരങ്ങൾ കൊടുക്കുകയാണെങ്കിലും അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്നും യുവ്‌രാജ് സിങ് പറഞ്ഞു. ഏകദിന ലോകകപ്പ് മുന്നിൽനിൽക്കെ നാലാം നമ്പറിൽ ആര് എന്നതിനെക്കുറിച്ച് ഇന്ത്യൻ ക്യാമ്പിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
നാലാം നമ്പറിൽ പരീക്ഷിച്ച സൂര്യകുമാർ യാദവ് പരാജയപ്പെടുകയും ചെയ്തു. സൂര്യയെ മാറ്റി വേറെ ചിലർക്ക് പ്രത്യേകിച്ച് സഞ്ജു സാംസണെപ്പോലുള്ളവർക്ക് അവസരം കൊടുക്കണമെന്ന മുറവിളി ഉയരുന്നതിനിടെയാണ് സൂര്യകുമാർ യാദവിന് ഇനിയും അവസരങ്ങൾ നൽകണമെന്ന് യുവ്‌രാജ് സിങ് ആവശ്യപ്പെടുന്നത്.
യുവരാജിന്റെ വാക്കുകള്‍ ഇങ്ങനെ; 'ഓരോ കായികതാരവും അവരുടെ കരിയറിൽ ഉയർച്ച താഴ്ചകളിലൂടെയാണ് പോകുന്നത്! നാമെല്ലാവരും എപ്പോഴെങ്കിലും അത് അനുഭവിച്ചിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഒരു പ്രധാന കളിക്കാരനാണെന്ന് ഞാന്‍ വിശ്വാസിക്കുന്നു. അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ലോകകപ്പിൽ ഒരു പ്രധാന പങ്ക് അദ്ദേഹം വഹിക്കും. നമ്മുടെ താരങ്ങളെ നമുക്ക് പിന്തുണക്കാം, 'സൂര്യന്‍' വീണ്ടും ജ്വലിക്കും'.
നാലാം നമ്പറിൽ ഇന്ത്യയെ വിശ്വസ്തതയോടെ കാത്തയാളാണ് യുവ്‌രാജ് സിങ്. യുവി കരിയർ മതിയാക്കിയതിന് ശേഷം ആ പൊസിഷനിലേക്ക് യോജിച്ചൊരു കളിക്കാരനെ ഇതുവരെ ഇന്ത്യൻ ടീമിന് ലഭിച്ചിട്ടില്ല. ആസ്‌ട്രേലിയക്കെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായിരുന്നു സൂര്യകുമാർ യാദവ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം പൂജ്യത്തിന് പുറത്താകുന്നത്. സൂര്യയുടെ ശൈലി ടി20ക്ക് യോജിച്ചതാണെന്നും ഏകദിനത്തിന് പറ്റിയതല്ലെന്നുമുള്ള വിമർശനം ഒരുഭാഗത്ത് ശക്തമാണ്. അവസരംകാത്ത് ഒത്തിരിപേർ ഇനിയും പുറത്തുനിൽക്കെ സൂര്യകുമാർ യാദവിന് അവസരം കൊടുക്കുന്നതാണ് പ്രശ്‌നം.
അതേസമയം ഐപിഎല്ലാണ് ഇനി ഇന്ത്യൻ ക്രിക്കറ്റിന് മുന്നിലുള്ളത്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ഇനിയും സമയമുണ്ടെന്നിരിക്കെ ഐപിഎൽ വേദിയിലെ പ്രകടനവും സെലക്ടർമാർ പരിഗണിക്കും എന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിന് ശേഷം ജുലൈയിൽ ഇന്ത്യക്ക് ഏകദിന പരമ്പരയുണ്ട്.ഐപിഎല്ലിൽ സൂര്യ തിളങ്ങിയാൽ താരത്തിൽ തന്നെ ബി.സി.സി.ഐ വിശ്വാസം അർപ്പിച്ചേക്കും. ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യ പരീക്ഷണത്തിന് മുതിരുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.