ഗംഭീർ വന്നിട്ട് മാസങ്ങൾ മാത്രം, ക്രെഡിറ്റ് കൊടുക്കേണ്ടത് രോഹിതിന് -ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ കാൺപൂർ ടെസ്റ്റിൽ ഇന്ത്യ നേടിയ വിജയത്തിന്റെ ക്രെഡിറ്റ് കോച്ച് ഗൗതം ഗംഭീറിന് നൽകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ. ‘സ്പോർട്സ് സ്റ്റാറിൽ’ എഴുതിയ ലേഖനത്തിലാണ് മുൻ ഇതിഹാസ താരം രൂക്ഷ വിമർശനം നടത്തിയത്.
രണ്ട് ദിവസം പൂർണമായും ഒരു ദിവസം ഭാഗികമായും മഴയെടുത്തിട്ടും അഗ്രസീവ് ബാറ്റിങ്ങിലൂടെ കാൺപൂരിൽ ഇന്ത്യ അവിസ്മരണീയ വിജയം നേടിയിരുന്നു. ഇതിന്റെ ക്രെഡിറ്റ് ഗംഭീറിന് നൽകുന്നതിനെതിരെയാണ് ഗവാസ്കർ രംഗത്തെത്തിയത്.
‘‘ബ്രണ്ടൻ മക്കല്ലത്തിന്റെയും ബെൻ സ്റ്റോക്സിന്റെയും യുഗത്തിൽ ഇംഗ്ലീഷ് ബാറ്റിങ്ങിൽ പുതിയ സമീപനമുണ്ടായി. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി രോഹിതും അതുപോലെയാണ് ബാറ്റ് ചെയ്തത്. ടീമംഗങ്ങളെയും അതുപോലെ ബാറ്റ് ചെയ്യാൻ അദ്ദേഹം പ്രചോദിപ്പിച്ചു’’
‘‘ഗംഭീർ വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ സമീപനം അദ്ദേഹത്തിന്റെപേരിൽ ചാർത്തുന്നത് കാലുനക്കുന്നതിന് തുല്യമാണ്. മക്കല്ലം ബാറ്റ് ചെയ്ത രീതിയിൽ ഗംഭീർ ഒരിക്കലും ബാറ്റ് ചെയ്തിട്ടില്ല. ആർക്കെങ്കിലും ക്രെഡിറ്റ് നൽകണമെന്നുണ്ടെങ്കിൽ അത് രോഹിതിന് മാത്രമാണ്’’ -ഗവാസ്കർ അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ ബാസ്ബോൾ എന്ന് വിളിക്കുന്ന പോലെ സമൂഹമാധ്യമങ്ങളിൽ ഗംഭീറിന്റെ പേരുചേർത്ത് ‘ഗംബാൾ’ എന്ന് പലരും കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്കറുടെ പ്രതികരണം.