‘ഇന്ത്യൻ ടീമിൽ നിലനിൽക്കാനാകാത്തത് അതുകൊണ്ടാണ്’; സഞ്ജുവിനെതിരെ ഗാവസ്കർ
ന്യൂഡൽഹി: ഐ.പി.എല്ലിൽ നിന്നും പുറത്തായതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെതിരെ വിമർശനവുമായി സുനിൽ ഗാവസ്കർ. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് പിന്തുടർന്ന രാജസ്ഥാനായി 11 പന്തുകളിൽ 10 റൺസെടുക്കാൻ മാത്രമേ സഞ്ജുവിനായിരുന്നുള്ളൂ. മത്സരത്തിൽ അഭിഷേക് ശർമക്കെതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച സഞ്ജു മാർക്രമിന് പിടികൊടുത്താണ് പുറത്തായിരുന്നത്.
‘‘മത്സരം വിജയിക്കാതെയോ കിരീടം നേടാതെയോ 500 റൺസ് കുറിച്ചത് കൊണ്ട് എന്താണ് കാര്യം. എല്ലാവരും മികച്ച ഷോട്ടുകൾക്ക് ശ്രമിക്കുമ്പോഴാണ് പുറത്താകുക. എന്തുകൊണ്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമിനൊപ്പം മികച്ച കരിയർ ഇല്ലാത്തത്?. ഷോട്ട് സെലക്ഷനിലുള്ള പ്രശ്നങ്ങളാണ് അതിന് കാരണം’’
‘‘അവന്റെ ഷോട്ട് സെലക്ഷൻ നല്ലതായിരുന്നെങ്കിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള കരിയർ ദീർഘമുള്ളതായേനെ. ട്വന്റി 20 ലോകകപ്പിൽ കിട്ടിയ അവസരം രണ്ടുകൈയ്യും നീട്ടി പിടിച്ചെടുക്കുമെന്നും സ്ഥാനം നിലനിർത്തുമെന്നും പ്രതീക്ഷിക്കാം’’ -ഗാവസ്കർ പറഞ്ഞു.
നേരത്തെ ഐ.പി.എൽ ഒന്നാം ക്വാളിഫയർ മത്സരത്തിന് മുന്നോടിയായി ആർ.സി.ബിക്കെതിരെ രാജസ്ഥാൻ തോൽക്കുമെന്ന ഗാവസ്കറുടെ വാദം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ ഐ.പി.എൽ സീസണിൽ 48.27 ആവറേജിൽ 531 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയിരുന്നത്.