പാണ്ഡ്യയിലൂടെ പിടിച്ചുകയറി ഗുജറാത്ത്: ഹൈദരാബാദിന്റെ വിജയലക്ഷ്യം 163 റൺസ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി

Update: 2022-04-11 15:56 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഹാർദിക്ക് പാണ്ഡ്യയും അഭിനവ് മനോഹറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഗുജറാത്ത് ടൈറ്റൻസിന് തുണയായി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത മാത്യു വേഡിനും ശുഭ്മാൻ ഗില്ലിനും കാര്യമായി ഒന്നും ചെയ്യാനായില്ല.

ടീം സ്‌കോർ 24ൽ നിൽക്കെ 7 റൺസെടുത്ത ഗില്ലിനെ ഭുവനേശ്വർ മടക്കി. പറക്കും ക്യാച്ചിലൂടെ ത്രിപാഠിയാണ് ഗില്ലിന് പുറത്തേക്കുള്ള വഴികാണിച്ചത്. എന്നാല് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാനൊന്നും മാത്യു വേയ്ഡിനായില്ല. 19 പന്തിൽ 19 റൺസുമായി വേഡിനെ ഉംറാൻ മാലിക് എൽബിഡബ്യൂയുവിൽ കുടുക്കി. അതിനിടെ വൺഡൗണായി എത്തിയ സായ് സുന്ദറിനെ നടരാജൻ പുറത്താക്കിയിരുന്നു. ഡേവിഡ് മില്ലറിനും അൽപായുസെ ഉണ്ടായിരുന്നുള്ളൂ. 

12 റൺസെടുത്ത മില്ലറെ മാർകോ ജാൻസെൻ അഭിഷേക് ശർമ്മയുടെ കൈകളിലെത്തിച്ചു. തുടർന്നാണ് ഹാർദിക് പാണ്ഡ്യയുടെയും അഭിനവിന്റെയും രക്ഷാപ്രവർത്തനം. 104ന് നാല് എന്ന നിലയിൽ തുടങ്ങിയ കൂട്ടുകെട്ട് 154ൽ ആണ് തകർന്നത്. അഭിനവിന് ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ടായിരുന്നു. അഭിനവ് നൽകിയ ക്യാച്ചുകൾ നിലത്തിടാൻ ഹൈദരാബാദ് ഫീൽഡർമാർ മത്സരിച്ചു.

21 പന്തിൽ നിന്ന് 35 റൺസാണ് അഭിനവ് നേടിയത്. ആ ഇന്നിങ്‌സിൽ ഒരു സിക്‌സറും അഞ്ച് ബൗണ്ടറികളും ഉൾപ്പെട്ടിരുന്നു. ഇന്നിങ്‌സിന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യ അർദ്ധ സെഞ്ച്വറി തികച്ചു. 42 പന്തിൽ നിന്ന് ഒരു സിക്‌സറും നാല് ബാണ്ടറികളും ഉൾപ്പെടെയായിരുന്നു ആ ഇന്നിങ്‌സ്. വമ്പൻ അടികളൊന്നും പാണ്ഡ്യയിൽ നിന്ന് കാണാനായില്ല. രാഹുൽ തിവാത്തിയ ഒരു ബൗണ്ടറിയടിച്ചെങ്കിലും അവസാന ഓവറുകളിലെ വെപ്രാളത്തിൽ ആറ് റൺസിന് വീണു. സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കരുമാർ നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Summary -Sunrisers Hyderabad vs Gujarat Titans, 21st Match Report

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News