'മനോഹരമായ എട്ടു വർഷങ്ങൾ, ഹൈദരബാദ് എനിക്കേറ്റവും പ്രിയപ്പെട്ടത്'- വില്യംസൺ
താരലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയിരുന്നു
ഐപിഎൽ താരലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയിരുന്നു. നിക്കോളാസ് പുരാനാണ് ഹൈദരബാദ് ഒഴിവാക്കിയ മറ്റൊരു താരം. ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫ്രാഞ്ചൈസിയോട് നന്ദി പറഞ്ഞ് വില്യംസൺ രംഗത്തെത്തി. നിങ്ങൾക്കൊപ്പമുള്ള യാത്ര മനോഹരമായിരുന്നുവെന്നാണ് വില്യംസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
''ഓറഞ്ച് ആർമി, നിങ്ങൾക്കൊപ്പമുള്ള യാത്ര മനോഹരമായിരുന്നു. ഫ്രാഞ്ചൈസിയോും സഹതാരങ്ങളോടും സ്റ്റാഫുകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങളെന്റെ എട്ട് വർഷങ്ങൾ മനോഹരമാക്കി. ഈ ടീമും ഹൈദരാബാദ് നഗരവും എനിക്കെന്നും സവിശേഷപ്പെട്ടതായിരിക്കും.'' വില്യംസൺ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
42.25 കോടി രൂപയാണ് സൺറൈസേഴ്സിന്റെ പേഴ്സിൽ ബാക്കിയുള്ളത്. അതുകൊണ്ട് ലേലത്തിലൂടെ പുതിയ താരങ്ങളെ ഉൾപ്പെടുത്തി ടീം ഉടച്ചുവാർക്കാമെന്നാണ് ഫ്രാഞ്ചൈസി കരുതുന്നത്. നാല് വിദേശ താരങ്ങളെ വിളിച്ചെടുക്കാനുള്ള അവസരവും സൺറൈസേഴ്സിനുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കയ്യിലാണ് ഏറ്റവും കുറവ് തുകയുള്ളത്. 7.05 കോടി. പഞ്ചാബ് കിങ്‌സ്- 32.20 കോടി, ലക്‌നൗ സൂപ്പർജയന്റ്‌സ്- 23.35 കോടി. മുംബൈ ഇന്ത്യൻസ്- 20.55, രാജസ്ഥാൻ റോയൽസ്- 13.20 റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ- 8.75 കോടി എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ കൈവശമുള്ള തുക. ബെൻ സ്‌റ്റോക്‌സ്, സാം കറൻ, കാമറൺ ഗ്രീൻ തുടങ്ങിയ മികച്ച ഓൾറൗണ്ടർമാർ ഇത്തവണത്തെ ലേലത്തിനുണ്ടായേക്കും. ഡ്വെയിൻ ബ്രാവോ(ചെന്നൈ സൂപ്പർകിങ്‌സ്) മായങ്ക് അഗർവാൾ( പഞ്ചാബ് കിങ്‌സ്) അജിങ്ക്യ രഹാനെ(കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്) എന്നിവരെ ടീമുകൾ റിലീസ് ചെയ്തു.
മിനി ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയതും ഒഴിവാക്കിയതുമായ കളിക്കാരുടെ മുഴുവൻ പട്ടികയും പ്രഖ്യാപിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. ഡിസംബർ 23 ന് കൊച്ചിയിലാണ് ലേലം. ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ് ഇതിഹാസം കീറോൺ പൊള്ളാർഡിന്റെ പ്രസ്താവനയോടെയാണ് മിനി ലേല നടപടികള്‍ ഇന്ന് തുടങ്ങിയത് തന്നെ.