ബാബറിനെയും പിന്തള്ളി സൂര്യകുമാർ യാദവ്; കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്
ആസ്‌ട്രേലിയിക്കെതിരായ ടി 20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിറകേ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് വൻ മുന്നേറ്റം
ആസ്‌ട്രേലിയിക്കെതിരായ ടി 20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിറകേ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് വൻ മുന്നേറ്റം. പാകിസ്താൻ സ്റ്റാർ ബാറ്റർ ബാബർ അസമിനെ പിന്തള്ളി സൂര്യ രണ്ടാം സ്ഥാനത്തേക്ക് കയറി. പാകിസ്താന്‍റെ തന്നെ മുഹമ്മദ് രിസ് വാനാണ് ഇനി സൂര്യക്ക് മുകളിലുള്ളത്. ആസ്‌ട്രേലിയക്കെതിരെ നിർണ്ണായകമായ മൂന്നാം ടി20 യിൽ 35 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു.
മുഹമ്മദ് രിസ്‍വാന് 861 പോയിന്റും സൂര്യകുമാർ യാദവിന് 801 പോയിന്‍റും ബാബർ അസമിന് 799 പോയിന്‍റുമാണുള്ളത്. ബോളിങ് റാങ്കിങ്ങിൽ ഭുവനേശ്വർ കുമാർ മാത്രമാണ് ആദ്യ പത്തിലുള്ളത്. 658 പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഭുവനേശ്വർ. ഓൾ റൗണ്ടർമാരിൽ ഹർദിക് പാണ്ഡ്യ അഞ്ചാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്താന്‍റെ മുഹമ്മദ് നബിയാണ് ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയൻ ബോളർ ജോഷ് ഹേസൽവുഡാണ് ബോളർമാരിൽ ഒന്നാമൻ.
ആസ്ത്രേലിയക്കെതിരായ പരമ്പര വിജയത്തിന് പിറകെ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്നാരംഭിക്കുന്ന പരമ്പരയിലും വിജയമാണ് ഇന്ത്യയുടെ ലക്ഷ്യം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. മൂന്ന് കളികൾ.. മൂന്നിലും ജയം.. ഇന്ത്യയുടെ ഭാഗ്യസ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് കാര്യവട്ടം.. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണിൽ ആദ്യ പരമ്പര നേട്ടം ലക്ഷ്യം വെക്കുന്ന ഇന്ത്യൻ ടീമിന് ഊർജം പകരുന്നതാണ് കാര്യവട്ടവും കാണികളും. ആസ്ത്രേലിയക്കെതിരായ പരമ്പര നേട്ടത്തിന്‍റെ തുടർച്ചയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
മികവിലേക്കുയർന്ന ബാറ്റിങ് നിര കാര്യവട്ടത്തെ റൺ ഒഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോർ സമ്മാനിച്ചേക്കും. അവസാനം കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളിലും 200ന് മുകളിലായിരുന്നു ടീം സ്കോർ. എന്നാൽ ബോളിംഗ് ആശങ്കയാണ് . ഭുവനേശ്വർ കുമാറും ബുംറയും അർഷദീപ് സിങും കാര്യമായി അടി വാങ്ങുന്നുണ്ട്.