സ്വിറ്റ്‌സർലൻഡിനും, മംഗോളിയ്ക്കും തജികിസ്ഥാനും ഐസിസി അംഗത്വം ലഭിച്ചു
ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 106 ആയി
സ്വിറ്റ്‌സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളെ ഐസിസി അംഗങ്ങളായി ഐസിസിയുടെ 78-ാംമത് വാർഷിക ജനറൽ മീറ്റിങ് അംഗീകരിച്ചു. മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23-ാംമത് അംഗങ്ങളാണ്. സ്വിറ്റ്‌സർലൻഡ് യൂറോപ്പിൽ നിന്നുള്ള 35-ാംമത് അംഗമാണ്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 106 ആയി. അതിൽ 96 രാജ്യങ്ങളും അസോസിയേറ്റ് രാജ്യങ്ങളാണ്.
2007 മുതൽ മംഗോളിയൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിലുണ്ടെങ്കിലും 2018ലാണ് മംഗോളിയൻ സർക്കാരിന് കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റിനെ അംഗീകരിച്ചത്. പുരുഷ ക്രിക്കറ്റിനെക്കാൾ ഉപരി വനിത ക്രിക്കറ്റിനാണ് മംഗോളിയയിൽ പ്രചാരം കൂടുതൽ.
2014ലാണ് സ്വിറ്റ്‌സർലൻഡിലെ ക്രിക്കറ്റ് അസോസിയേഷനായ ക്രിക്കറ്റ് സ്വിറ്റ്‌സർലൻഡ് (സി.എസ്) ആരംഭിച്ചത്. നിലവിൽ സജീവമായ 33 ക്രിക്കറ്റ് ക്ലബുകൾ അസോസിയേഷന് കീഴിലുണ്ട്. കൃത്യമായ ഇടവേളകളിൽ ആഭ്യന്തര ടൂർണമെന്റുകളും സംഘടിപ്പിക്കുന്നുണ്ട്. 2011 ലാണ് തജികിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ ഉണ്ടായത്. നിലവിൽ 22 പുരുഷ ടീമുകളും 15 വനിത ടീമുകളും അസോസിയേഷന് കീഴിലുണ്ട്.
അതേസമയം സാംബിയയുടെ ഐസിസി അംഗത്വം നഷ്ടമായി. ഐസിസി നിബന്ധനകൾ പാലിക്കാത്തതിനാലാണ് സാംബിയയുടെ അംഗത്വം നഷ്ടമായത്.