സയിദ് മുഷ്താഖ് അലി ട്രോഫി: തകർപ്പൻ ജയത്തോടെ തുടങ്ങി കേരളം
മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ പത്ത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്
ലുധിയാന: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയ തുടക്കവുമായി കേരളം. മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെ പത്ത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. അരുണാചൽ ഉയർത്തിയ 54 റൺസ് വിജയലക്ഷ്യം, കേരളം വെറും 4.5 ഓവറുകളിൽ മറികടക്കുകയായിരുന്നു. ബോളർമാരും ഓപ്പണിങ് ബാറ്റർമാരും കിടിലൻ പ്രകടനം പുറത്തെടുത്തതാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അരുണാചല്‍ പ്രദേശിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ തെച്ചി ദോറിയയും തെച്ചി നെറിയും നല്‍കിയത്. എന്നാല്‍ ആറാം ഓവറിലെ അഞ്ചാം പന്തില്‍ 18 റണ്‍സെടുത്ത ദോറിയയയെ മിഥുന്‍ പുറത്താക്കി. പിന്നാലെ ഇറങ്ങിയ മീറ്റ് ദേശായി അടുത്ത ഓവറില്‍ വെറും ഒരു റണ്ണെടുത്ത് പുറത്തായി. തെച്ചി നെറിയേയും പുറത്താക്കി ജോസഫ് അരുണാചല്‍ പ്രദേശിനെ പ്രതിരോധത്തിലാക്കി.
അതോടെ അവര്‍ വീണു. പതിനൊന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അരുണാചലിന്റെ സ്കോര്‍ബോര്‍ഡിലെത്തിയത് 53 റണ്‍സ്. രണ്ട് പേർക്ക് മാത്രമാണ് അരുണാചൽ നിരയിൽ രണ്ടക്കം കടക്കാനായത്. കേരളത്തിന് വേണ്ടി എസ് മിഥുനും, സിജോമോൻ ജോസഫും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
54 റൺസ് വിജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ കേരളത്തിന് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദും, മിന്നും ഫോമിലുള്ള രോഹൻ എസ് കുന്നുമ്മലും ചേർന്ന് ആഞ്ഞടിച്ചതോടെ കേരളം അതിവേഗം വിജയത്തിലേക്ക് കുതിച്ചെത്തി. രോഹൻ 13 പന്തിൽ 5 ബൗണ്ടറികളും, ഒരു സിക്സറുമടക്കം 32 റൺസ് നേടിയും, വിഷ്ണു വിനോദ് 16 പന്തിൽ 2 ബൗണ്ടറിയുടേയും, ഒരു സിക്സറിന്റേയും സഹായത്തോടെ 23 റൺസ് നേടിയും മത്സരത്തിൽ പുറത്താകാതെ നിന്നു.
4.5 ഓവറുകളിൽ കളി ജയിച്ചതോടെ കേരളത്തിന്റെ നെറ്റ് റൺ റേറ്റും ഉയര്‍ന്നു. കർണാടകക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.