ആര് നേടും ടി20 ലോകകപ്പ്? പ്രവചനവുമായി സച്ചിനും ലാറയും
ഇംഗ്ലണ്ടും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്.
മെല്‍ബണ്‍: ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും. രണ്ട് പേര്‍ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കവെയാണ് സച്ചിനും ലാറയും ലോകകപ്പില്‍ ആരാകും കിരീടം നേടുക എന്ന് പ്രവചിച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിക്കുമ്പോള്‍ ലാറ പാകിസ്താനൊപ്പാണ്.
മെല്‍ബണ്‍ ഗ്രൗണ്ടിന്‍റെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനാണ് സാധ്യതയെന്നാണ് സച്ചിന്‍ ഇംഗ്ലണ്ടിനെ പിന്തുണക്കാനുള്ള കാരണമായി പറയുന്നതെങ്കില്‍ വ്യക്തിഗത മികവില്‍ പാക് കളിക്കാര്‍ ഇംഗ്ലണ്ടിനെക്കാള്‍ മികച്ചവരാണെന്നാണ് ലാറയുടെ കണ്ടെത്തല്‍. പുറത്താകലിന്‍റെ വക്കില്‍ നിന്ന് ഫൈനലിലേക്ക് മുന്നേറിയ പാക്കിസ്താനാണ് വിജയാവേശത്തിലുള്ള ടീം. പക്ഷെ മെല്‍ബണിലെ സ്ക്വയര്‍ ബൗണ്ടറികളുടെ വലിപ്പം കണക്കിലെടുത്താല്‍ ഇംഗ്ലണ്ട് വിജയിക്കും- സച്ചിന്‍ പറഞ്ഞു.
എന്നാല്‍ വ്യക്തിഗത മികവ് കണക്കിലെടുക്കുമ്പോള്‍ ഫൈനലില്‍ പാകിസ്താന് തന്നെയാണ് മുന്‍തൂക്കമെന്നാണ് ലാറയുടെ അഭിപ്രായം. ലോകകിരീടം ഏഷ്യയില്‍ നിലനില്‍ക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാറ പറഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും കിരീടപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. ഇരു ടീമുകളും രണ്ടാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2009ലാണ് പാകിസ്ഥാന്‍ അവസാനമായി ടി20 ലോകകിരീടം നേടിയത്. 2010ല്‍ ഇംഗ്ലണ്ടും കിരീടം നേടിയിരുന്നു.
അതേസമയം മെൽബണിൽ ഞായറാഴ്ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്ചയും ഇതേ സാധ്യത. രണ്ടു ദിവസവും കളി നടന്നില്ലെങ്കിൽ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. സൂപ്പർ 12-ൽ മെൽബണിലെ മൂന്ന് മത്സരങ്ങൾ മഴമുടക്കിയിരുന്നു. ഇംഗ്ലണ്ടും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്.