മെല്‍ബണ്‍ വെടിക്കെട്ട് തുണയായി; റാങ്കിങ്ങില്‍ കുതിച്ചുയര്‍‌ന്ന് കോഹ്‍ലി

നീണ്ട ഇടവേളക്ക് ശേഷമാണ് കോഹ്‍ലി ആദ്യ പത്തില്‍ തിരിച്ചെത്തുന്നത്

Update: 2022-10-26 11:53 GMT
Advertising

 പാകിസ്താനെതിരെ മെൽബണിൽ നടത്തിയ ഉജ്ജ്വല പ്രകടനത്തിന് പിറകെ ടി20  റാങ്കിങ്ങിൽ വിരാട് കോഹ്ലിക്ക് വൻ മുന്നേറ്റം. നീണ്ട ഇടവേളക്ക് ശേഷം താരം ആദ്യ പത്തിൽ തിരിച്ചെത്തി. 14ാം സ്ഥാനത്തായിരുന്ന കോഹ്‍‌ലി അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തേക്ക് കയറി.  ഒരു വര്‍ഷത്തിന് ശേഷമാണ് കോഹ്‍ലി ആദ്യ പത്തില്‍ തിരിച്ചെത്തുന്നത്.  2021 നവംബറിലാണ് കോഹ്‍ലി അവസാനമായി ആദ്യ പത്തിലുണ്ടായിരുന്നത്. 

849 പോയിന്‍റുമായി പാകിസ്താന്‍റെ മുഹമ്മദ് റിസ്‍വാനാണ് ഒന്നാം സ്ഥാനത്ത്. 831 പോയിന്‍റുമായി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ രണ്ടാം സ്ഥാനത്തുണ്ട്. 828 പോയിന്‍റുമായി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് മൂന്നാം സ്ഥാനത്ത്.

അവസാന ഓവറിലെ അവസാന പന്തു വരെ നീണ്ടു നിന്ന ആവേശപ്പോരില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ടി 20 ലോകകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആവേശ ജയം കുറിക്കുമ്പോള്‍ ഇന്ത്യയെ ഒറ്റക്ക് മുന്നില്‍ നിന്നു നയിച്ചത് വിരാട് കോഹ്‍ലിയായിരുന്നു. ഒരു സമയത്ത് തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ അവസാന ഓവറുകളില്‍ ഹര്‍‌ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്‍ലി വിജയ തീരമണക്കുകയായിരുന്നു. മത്സരത്തിൽ 53 പന്തിൽ  ആറു ഫോറുകളുടേയും നാല് സിക്‌സറുകളുടേയും അകമ്പടിയിൽ കോഹ്ലി  82 റൺസെടുത്തു.

ഏഷ്യാ കപ്പിന് മുമ്പ് മോശം ഫോമിന്‍റെ പേരില്‍ ഒരുപാട് പഴികേട്ട കോഹ്‍ലിയെ ടീമിലുള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരും ഏറെ പഴികേട്ടിരുന്നു. അതിനാല്‍ തന്നെ ഏഷ്യാ കപ്പ് വിരാട് കോഹ്‍ലിക്കൊരു അഗ്നിപരീക്ഷ തന്നെയായിരുന്നു. ട്വന്‍റി20 ലോകകപ്പ് ടീമില്‍ കോഹ്‍ലി ഉണ്ടാകുമോയെന്ന് പോലും ആശങ്കകളുയര്‍ന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ കോഹ്‍ലി രാജകീയമായി തിരിച്ചെത്തി.

1021 ദിവസങ്ങളും 84 ഇന്നിങ്സകളും നീണ്ട കാത്തിരിപ്പിന് അവസാനമിട്ട് കോഹ്‍ലി മൂന്നക്കമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടു. എന്നാല്‍ ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരങ്ങളില്‍‌ വീണ്ടും താരം വീഴുന്ന കാഴ്ച ആരാധകര്‍ കണ്ടു. അതോടെ ലോകകപ്പിലെ താരത്തിന്‍റെ പ്രകടനം എങ്ങനെയാവും എന്നതിനെ കുറിച്ചും ആശങ്കകളുയര്‍ന്നു. എന്നാല്‍ എല്ലാ ആശങ്കകളെയും കാറ്റില്‍ പറത്തി ക്ലാസിക് കോഹ്‍ലി തിരിച്ചെത്തുകയായിരുന്നു.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News