ടി20 ലോകകപ്പ്: ഇന്ത്യയെ പുറത്താക്കിയ അഞ്ചു കാര്യങ്ങൾ
ഇന്ത്യയുടെ കളിക്കാർ ദേശീയ ടീമായി യു.എ.ഇയിൽ ഒരുമിച്ച് കൂടിയത് ടൂർണമെൻറിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ്. ഒക്‌ടോബർ 15 ന് ഐ.പി.എൽ അവസാനിച്ച ശേഷമാണ് അവർ എത്തിയത്
ടി20 ലോകകപ്പിൽ അഫ്ഗാനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ അസ്തമിച്ചിരിക്കുകയാണ്. രണ്ടാം ഗ്രൂപ്പിൽ നിന്ന് പാക്കിസ്ഥാൻ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. വിജയത്തോടെ ന്യൂസിലാൻഡും സെമിയിലെത്തി. അവസാനം അഫ്ഗാനും സ്‌കോട്‌ലാൻഡിനും എതിരെ നടന്ന മത്സരങ്ങളിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. എന്നാൽ അതൊന്നും സെമിയിലേക്ക് വഴിയൊരുക്കാൻ മതിയാകുമായിരുന്നില്ല. നിലവിൽ നാലു പോയൻറുമായി ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്താണ് ടീം. റൺറേറ്റിൽ ചെറിയ മാറ്റത്തോടെ നാലുപോയൻറുമായി അഫ്ഗാൻ പിറകിലുണ്ട്. നമീബിയക്കെതിരെ ഇന്ന് നടക്കുന്ന മികച്ച വിജയത്തോടെ മടങ്ങാനായിരിക്കും ഇന്ത്യൻ ടീമിന് കഴിയുക.
ടി20 ലോകകപ്പിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ട കോഹ്‌ലിയുടെ സംഘം പുറത്താകാൻ കാരണമായത് അഞ്ചു കാര്യങ്ങളാണ്.
1
ലോകോത്തര ഇന്ത്യൻ ബാറ്റിങ് നിര ആദ്യ രണ്ടു മത്സരങ്ങളിലും അമ്പേ തകർന്നു. പാക്കിസ്ഥാന്റെയും ന്യൂസിലാൻഡിന്റെയും മികച്ച ബൗളിങ്ങിന് മുമ്പിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കോഹ്‌ലിയും രോഹിത് ശർമയുമടക്കമുള്ളവർ പതറി. ഫലമോ, ആദ്യ മത്സരത്തിൽ പത്തു വിക്കറ്റിനും രണ്ടാമത്തേതിൽ എട്ടു വിക്കറ്റിനും പരാജയപ്പെട്ടു. എന്നാൽ അഫ്ഗാനെതിരെ 47 ബോളിൽ 74 റൺസ് നേടി രോഹിത് ഫോമിലെത്തിയപ്പോഴേക്ക് ഇന്ത്യൻ ടീം റൺനിരക്കിൽ പിറകിലും മറ്റു ടീമുകളുടെ കാരുണ്യം കാക്കുന്ന അവസ്ഥയിലുമായിട്ടുണ്ടായിരുന്നു. ടോസ് ലഭിക്കുന്നത് അനുചിതമായ മേൽനോട്ടം ടീമുകൾക്ക് നൽകുന്നുവെന്ന് ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുൺ വിമർശിച്ചിരുന്നു. ആദ്യ ബാറ്റ് ചെയ്യുന്ന ടീമിന്റെയും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്റെയും ഇന്നിംഗ്‌സുകൾ തമ്മിൽ വലിയ മാറ്റമുണ്ടെന്നും ടി 20 പോലെയുള്ള ക്രിക്കറ്റിന്റെ ചെറിയ രൂപത്തിൽ ഇതൊട്ടും ഗുണകരമല്ലെന്നും ഇദ്ദേഹം പറഞ്ഞു.
2
ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ബൗളർമാർ നേടിയത് ആകെ രണ്ടു വിക്കറ്റുകൾ മാത്രം. അതും കിവീസിനെതിരെ ജസ്പ്രീത് ബുംറ നേടിയത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടന്ന എല്ലാ മത്സരങ്ങളിൽ മഞ്ഞ് ഒരു പ്രധാനഘടമായിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ ഒരുവിക്കറ്റ് പോലും നേടാനാകാത്തത് മുഹമ്മദ് ഷമിയടക്കമുള്ള മികച്ചതെന്ന് കരുതപ്പെടുന്ന ഇന്ത്യൻ ബൗളിങ് നിരയുടെ ആത്മവിശ്വാസം തകർത്തു. എന്നാൽ അതേനിരയും പിന്നീട് ടീമിലെത്തിയ രവിചന്ദ്രൻ അശ്വിനും ചേർന്ന നിര തന്നെ അബൂദബിയിൽ നടന്ന മത്സരത്തിൽ അഫ്ഗാനെ ഏഴുവിക്കറ്റെടുത്ത് 144 ൽ ഒതുക്കി. അന്ന് വലിയ ടോട്ടൽ ബാറ്റിങ് നിര നേടിയിരുന്നു. ''മഞ്ഞ് ഒരു ഘടകമാണെങ്കിലും അതൊരു ഒഴിവുകഴിവല്ലെന്നും നാം നന്നായി കളിക്കേണ്ടിയിരുന്നു. ആദ്യ കളിയിൽ നമുക്ക് ജയിക്കാമായിരുന്നു. പക്ഷേ നമുക്കതിനായില്ല'' ഭരത് അരുൺ പറഞ്ഞു.
3
ഇന്ത്യയുടെ കളിക്കാർ ദേശീയ ടീമായി യു.എ.ഇയിൽ ഒരുമിച്ച് കൂടിയത് ടൂർണമെൻറിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ്. ഒക്‌ടോബർ 15 ന് ഐ.പി.എൽ അവസാനിച്ച ശേഷമാണ് അവർ എത്തിയത്. നല്ല വീക്ഷണത്തോടെയും ഒരുക്കത്തോടെയും എത്തേണ്ട ടൂർണമെൻറിന് യോജിച്ച അവസ്ഥയിലായിരുന്നില്ല ടീമിന്റെ നില. ബയോബബിൾ അടക്കമുള്ളവ ടീമിനെ ബാധിച്ചിട്ടുണ്ടായിരുന്നു. ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിലെ പരാജയത്തിന് ശേഷം ബുംറ ചില സമയങ്ങളിൽ ഒരു ഇടവേള അനിവാര്യമാണെന്ന് തുറന്നുപറഞ്ഞിരുന്നു. കളിക്കാർക്ക്, വിശേഷിച്ച് ഫാസ്റ്റ് ബൗളർമാർക്ക് ടൂർണമെൻറുകളൾക്കിടയിൽ ഇടവേള അനിവാര്യമാണെന്നും ആറു മാസം തുടർച്ചയായി കളിക്കുന്നത് ഭാരിച്ച ജോലിയാണെന്നും ഭരത് അരുൺ പറഞ്ഞിരുന്നു. ഇന്ത്യൻ പരാജയത്തിന് ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഐ.പി.എൽ നിരോധിക്കണമെന്ന ഹാഷ്ടാഗുകൾ പ്രചരിച്ചിട്ടുണ്ട്.
4
ടൂർണമെൻറിന് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയെ ടീമിന്റെ മെൻററായി നിയമിച്ചു. ചെന്നൈ സൂപ്പർ കിങ്‌സിനായി നാലാം ഐ.പി.എൽ നേടിയെത്തിയ ധോണിയെ കോഹ്‌ലിയും ആരാധകരും സ്വാഗതം ചെയ്തു. അദ്ദേഹത്തിന് നിരവധി ടി20 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ളത് ടീമിന് ഉപകരിക്കുമെന്ന് കരുതപ്പെട്ടു. എന്നാൽ മുഖ്യകോച്ചായി രവി ശാസ്ത്രിയും ബൗളിങിനും ബാറ്റിങിനും കോച്ചുമാരും ഉണ്ടായിരിക്കെ ധോണിയെ കൊണ്ടുവന്നത് എന്തിനാണെന്നും അദ്ദേഹത്തിന്റെ റോളെന്താണെന്നും മുൻ താരം ഗൗതം ഗംഭീർ ചോദിച്ചിരുന്നു.
5
ടി20 ലോകകപ്പ് ക്യാപ്റ്റനെന്ന നിലയിലുള്ള അവസാന ടൂർണമെൻറായിരിക്കുമെന്ന് വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർക്ക് കിരീടനേട്ടത്തോടെ യാത്രയയപ്പ് നൽകണമെന്ന് പലരും പറഞ്ഞു. 2017 ൽ ധോണിക്ക് ശേഷം ക്യാപ്റ്റനായ കോഹ്‌ലിക്ക് ഒരു ലോകകിരീടം പോലും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻസി ഒഴിവാക്കിക്കൊണ്ടുള്ള കോഹ്‌ലിയുടെ പ്രഖ്യാപനം ടീമിനെ അസ്വസ്ഥപ്പെടുത്തുകയും വൈകാരികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുമെന്ന് ഗംഭീർ പറഞ്ഞിരുന്നു. ഈ വിമർശനം അതേപടി പുലർന്നോയെന്ന് പറയാനാകില്ല. പക്ഷേ, കിംഗ് കോഹ്‌ലി ഒരു കിരീടവുമില്ലാതെ നായകസ്ഥാനം കൈമാറുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.