'ആ പ്രഖ്യാപനം ഹൃദയം ഭേദകം'; റിങ്കുവിനെ ഒഴിവാക്കിയ തീരുമാനത്തിൽ വികാരഭരിതമായി പ്രതികരിച്ച് പിതാവ്
ലോകകപ്പ് ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അംബട്ടി റായുഡുവും രംഗത്തെത്തിയിരുന്നു
ലഖ്നൗ: ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർ ആഘോഷമാക്കിയത് സഞ്ജു സാംസണിന്റെ ടീം പ്രവേശനമായിരുന്നു. ഇതോടൊപ്പം റിങ്കു സിങിന്റെ അസാന്നിധ്യവും വലിയ തോതിൽ ചർച്ചയായി. ഫിനിഷറുടെ റോളിൽ സമീപകാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും പരിഗണിക്കാതിരുന്ന നടപടിക്കെതിരെ മുൻ താരങ്ങളടക്കം രംഗത്ത് വരികയുണ്ടായി. ടീമിനൊപ്പം സഞ്ചരിക്കുന്ന ട്രാവലിങ് സംഘത്തിലാണ് റിങ്കു ഇടം പിടിച്ചത്.
A heartbreaking video. 💔
— Mufaddal Vohra (@mufaddal_vohra) May 1, 2024
Rinku Singh's father talking about the exclusion of Rinku from the main squad. pic.twitter.com/Q2MuBmx2rp
റിങ്കുവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പിതാവ് ഖാൻചന്ദ്ര വൈകാരികമായാണ് പ്രതികരിച്ചത്. ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഹൃദയം തകർത്തുന്നതായിരുന്നു ആ പ്രഖ്യാപനം. സന്തോഷം പങ്കുവെക്കുന്നതിനായി മധുരപലഹാരങ്ങളും പടക്കമങ്ങളുമെല്ലാം വാങ്ങിസൂക്ഷിക്കുകയും ചെയ്തിരുന്നു-ഖാൻ ചന്ദ്ര പറയുന്നു. റിങ്കു അവന്റെ അമ്മയെ വിളിച്ചാണ് വാർത്തയറിയിച്ചത്. അവന്റെ ഹൃദയം തകർന്നിരുന്നു. ആദ്യ 15ൽ താനില്ല എന്നും ആദ്യത്തെ 18ലാണ് ഉള്ളത് എന്നുമാണ് അവൻ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്ന് റിങ്കു സിങിനെ ഒഴിവാക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അംബട്ടി റായുഡുവും രംഗത്തെത്തി. റിങ്കുവിനെ ഒഴിവാക്കിയത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ട്വന്റി 20 മത്സരങ്ങളിൽ ഉയർന്ന ട്രൈക്ക് റേറ്റിൽ റിങ്കുസിങ് മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ഇൻസ്റ്റഗ്രാമിലെ ലൈക്കുകൾക്കല്ല, കളിക്കളത്തിലെ മികവിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മുൻ താരം പറഞ്ഞു.
ദേശീയ ടീമിൽ അവസരം ലഭിച്ചപ്പോഴൊക്കെ റിങ്കു കരുത്തുകാട്ടിയിരുന്നു. ട്വന്റി20യിൽ 11 ഇന്നിങ്‌സുകളിൽ നിന്നായി 356 റൺസാണ് സമ്പാദ്യം. 89 ആവരേജ്. 176 സ്‌ട്രൈക്ക് റേറ്റ്. ആസ്‌ത്രേലിയക്കെതിരെ ഒൻപത് പന്തിൽ നേടിയ 31 റൺസും ദക്ഷിണാഫ്രിക്കകെതിരെ 39 പന്തിൽ നേടിയ 68 റൺസുമാണ് മികച്ച ഇന്നിങ്‌സുകൾ. നാല് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയതാണ് റിങ്കുവിന് അവസരം നിഷേധിക്കാൻ കാരണമായത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർക്ക് പുറമെ ഓൾറൗണ്ടർമാരായ അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും 15 അംഗ സ്‌ക്വാർഡിൽ സ്ഥാനം പിടിച്ചു.