അഫ്ഗാന് ചരിത്ര വിജയം;ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ, ഓസീസ് പുറത്ത്
സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്റെ എതിരാളികൾ
കിങ്സ്റ്റൺ(സെന്റ് വിൻസെന്റ്): ട്വന്റി 20 ലോകകപ്പിൽ ചരിത്ര നേട്ടത്തിൽ അഫ്ഗാനിസ്ഥാൻ. അത്യന്തം ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റൺസിന് തകർത്ത് സെമിയിൽ. ഇതോടെ ആസ്‌ത്രേലിയയും ബംഗ്ലാദേശും അവസാന നാലിലെത്താതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് നേടിയത്. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശിന് 17.5 ഓവറിൽ 105 റൺസെടുക്കാനേ ആയുള്ളൂ.. അവസാന നിമിഷം ഓരോ പന്തും ആവേശമായതോടെ വിജയ പരാജയങ്ങൾ മാറിമറിഞ്ഞിരുന്നു. ഡെത്ത് ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണത് ബംഗ്ലാദേശിന് തിരിച്ചടിയായി. 49 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്ന ലിട്ടൻ ദാസിന്റെ പോരാട്ടത്തിനും കടുവകളെ രക്ഷിക്കാനായില്ല. അഫ്ഗാനായി നവീൻ ഉൽ ഹഖ് നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് പ്രതീക്ഷിച്ച പോലെ മികച്ച സ്‌കോർ കണ്ടെത്താനായില്ല. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 മാത്രമാണ് നേടാനായത്. 43 റൺസെടുത്ത റഹ്‌മത്തുള്ള ഗുർബാസാണ് ടോപ് സ്‌കോറർ. റാഷിദ് ഖാൻ(19), ഇബ്രാഹിം സദ്രാൻ(18), അസ്മത്തുള്ള ഒമർസായ്(10) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് തുടക്കവും പാളി. ഓപ്പണർ തൻസിദ് ഹസനെ ഫസൽഹഖ് ഫാറൂഖി പൂജ്യത്തിന് പുറത്താക്കി. തൊട്ടുപിന്നാലെ നജ്മുൽ ഹുസൈൻ ഷാന്റോയേയും(5), ഷാക്കിബ് അൽ ഹസനേയും(0) മടക്കി നവീൻ ഉൽ ഹഖ് അഫ്ഗാൻ പ്രതീക്ഷകൾക്ക് ചിറകുനൽകി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച ലിറ്റൻ ദാസ് ബംഗ്ലാദേശിനെ ഒറ്റക്ക് ചുമലിലേറ്റി. എന്നാൽ സൗമ്യ സർക്കാർ(10), തൗഹിദ് ഹൃദോയ്(14), മുഹമ്മദുള്ള(6), റിഷാദ് ഹുസൈൻ(0) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ പിടിമുറുക്കി. 12.1 ഓവറിൽ കളി ജയിച്ചാൽ മാത്രമായിരുന്നു ബംഗ്ലാദേശിന് സെമിയിലെത്താനാകുക. അഫ്ഗാൻ തോറ്റിരുന്നെങ്കിൽ നെറ്റ്‌റൺറേറ്റിൽ അഫ്ഗാന് അവസാന നാലിലേക്ക് എത്താനാകുമായിരുന്നു