പ്രതാപികൾക്ക് കഴിയാത്ത നേട്ടത്തിലേക്ക് നടന്നുകയറി മാർക്രം; ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ നായകൻ

ചരിത്ര നേട്ടവുമായി സെമിയിലെത്തിയ അഫ്ഗാൻ സംഘം ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു.

Update: 2024-06-27 12:30 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ട്രിനിഡാഡ്: ഷോൺ പൊള്ളാക്കിനും ഗ്രെയിൻ സ്മിത്തിനും ഡുപ്ലെസിസിനും എബി ഡിവില്ലേഴ്‌സിനും സാധിക്കാത്ത സ്വപ്‌ന നേട്ടം. ഇന്നലെ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ബ്രയാൽ ലാറ ക്രിക്കറ്റ് അക്കാദമിയിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കുമ്പോൾ എയ്ഡൻ മാർക്രം എന്ന നായകൻ നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. കലാശ പോരാട്ടത്തിനെത്താതെ പടിക്കൽ കലമുടക്കുന്ന നാണക്കേട് കൂടിയാണ് ഇത്തവണ പ്രോട്ടീസ് സംഘം തിരിത്തി കുറിച്ചത്.

കഴിഞ്ഞ ഏകദിന ലോകകപ്പിൽ സെമിയിലായിരുന്നു അവസാനമായി ദക്ഷിണാഫ്രിക്ക തലതാഴ്ത്തി മടങ്ങിയത്. ഇതിന് മുൻപായി പതിറ്റാണ്ടുകളായി ടീം മടങ്ങിയത് പ്രാഥമകിക റൗണ്ടിലും സൂപ്പർ എയ്റ്റിലുമായി. 2014,15 ട്വന്റി 20 ലോകകപ്പിലും സമാനമായി അവസാന നാലിൽ കാലിടറി. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എയ്റ്റിലും തോൽവിയറിയാതെയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. സൂപ്പർ എയ്റ്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും ആതിഥേയരായ വെസ്റ്റിൻഡീസും പ്രോട്ടീസ് വീര്യത്തിന് മുന്നിൽ വീണു. ഇതോടെ ഇന്ത്യക്കൊപ്പം ഒരു മത്സരവും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിലേക്ക്.

2014ൽ അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ കിരീടത്തിലെത്തിച്ച നായകനാണ് മാർക്രം. അന്ന് ആറിൽ ആറും നേടിയാണ് ചാമ്പ്യൻമാരായത്. പിന്നീട് 2023 ഏകദിന ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നായക സ്ഥാനമേറ്റെടുത്തപ്പോഴും നൂറു ശതമാനം വിജയം. രണ്ടിൽ രണ്ടിലും ജയം. എന്നാൽ നിർഭാഗ്യം കൊണ്ട് സെമിയിൽ ടീം പുറത്തായി. ഐ.പി.എല്ലിൽ സൺറൈസേഴ്‌സിനെ നയിച്ചപ്പോൾ മാത്രമാണ് താരത്തിന് കാലിടറിയത്. എന്നാൽ ദക്ഷിണാഫ്രിക്കൻ പ്രീമിയർലീഗിൽ തുടർച്ചയായി രണ്ടു തവണയും മാർക്രം നയിച്ച സൺറൈസേഴ്‌സ് ഈസ്റ്റേൺ ക്യാപ്‌സ് കിരീടം ചൂടി.  ഭാഗ്യനായകനിലൂടെ ആദ്യ ട്വന്റി 20 കിരീടം ചൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സൗത്താഫ്രിക്കൻ ആരാധകർ.

ആസ്‌ത്രേലിയേയും ബംഗ്ലാദേശിനേയും മലർത്തിയടിച്ച് സെമിയിലെത്തിയ റാഷിദ് ഖാനും സംഘത്തിനും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ നിലംതൊടാനായില്ല. നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ കൂറ്റൻ തോൽവി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ 11.5 ഓവറിൽ 56ന് എല്ലാവരും പുറത്തായി. 10 റൺസ് നേടിയ ഒമർസായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാർകോ ജാൻസനും ടബ്രൈസ് ഷംസിയും മികച്ച ബോളിങ് പ്രകടനം നടത്തി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യം മറികടന്നു. ഇതോടെ ആദ്യമായി ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക്. ക്വിന്റൺ ഡി കോക്കിന്റെ (5) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. മൂന്നാം വിക്കറ്റിൽ റീസ ഹെൻഡ്രിക്സ് (29), എയ്ഡൻ മാർക്രം (23) സഖ്യം ദക്ഷിണാഫ്രിക്കയെ വിജത്തിലേക്ക് നയിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News