ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; ഏഴ് റൺസ് ജയം
37 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 53 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്‌കോറർ.
സെന്റ്‌ലൂസിയ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എയ്റ്റ് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് ഏഴ് റൺസ് ജയം. പ്രോട്ടീസ് ഉയർത്തിയ 164 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം ആറു വിക്കറ്റ് നഷ്ടത്തിൽ 156ൽ അവസാനിച്ചു. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ദക്ഷിണാഫ്രിക്ക മുന്നേറുന്നത്.
37 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 53 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്‌കോറർ. ആന്ദ്രെ നോർകെയുടെ ഓവറിൽ ബ്രൂക്കിനെ മികച്ച ക്യാച്ചിലൂടെ എയ്ഡൻ മാർക്കം പുറത്താക്കിയത് മത്സരത്തിൽ നിർണായകമായി. അവസാന ഓവറിൽ ജയിക്കാൻ 14 റൺസാണ് വേണ്ടിയിരുന്നതെങ്കിലും ക്രീസിലുണ്ടായിരുന്ന സാം കറണ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനായില്ല. ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡെയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
164 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ഫിൽസാൾട്ടിനെ(11) രണ്ടാം ഓവറിൽതന്നെ നഷ്ടമായി. പിന്നാലെ 20 പന്തിൽ 16 റൺസുമായി ജോണി ബെയിസ്‌റ്റോയും 20 പന്തിൽ 17 റൺസുമായി ക്യാപ്റ്റൻ ജോസ് ബട്‌ലറും കൂടാരം കയറി. പിന്നാലെ മൊയീൻ അലിയും(9) ഔട്ടായതോടെ ദക്ഷിണാഫ്രിക്ക പിടിമുറുക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹാരി ബ്രൂക്ക്-ലിവിങ്സ്റ്റൺ സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. എന്നാൽ ഇരുവരേയും പുറത്താക്കിയതോടെ പ്രോട്ടീസുകാർ സെമിയിലേക്ക് ഒരടികൂടി അടുത്തു. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ അർധ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസെടുത്തത്.