'അത്തരം ചോദ്യങ്ങൾ ചോദിക്കരുത്';വാർത്താ സമ്മേളനത്തിനിടെ ക്ഷുഭിതനായി രോഹിത്
ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ഗ്രൗണ്ടിലേക്കെത്തിയത്.
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിനിടെ ദേഷ്യപ്പെട്ട് നായകൻ രോഹിത് ശർമ. സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിൽ തനിക്കരികിലേക്കെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തതിനെ കുറിച്ച് ചോദിച്ചതാണ് താരത്തെ ചൊാടിപ്പിച്ചത്. ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകൻ ചെയ്തതും വാർത്താ സമ്മേളനത്തിൽ ഈ ചോദ്യം ചോദിച്ച നിങ്ങൾ ചെയ്തതും ഒരുപോലെ ശരിയല്ലെന്നായിരുന്നു രോഹിത് പറഞ്ഞത്. ഗ്രൗണ്ടിലേക്ക് ഓടുന്ന നടപടി ആരു ചെയ്താലും തെറ്റുതന്നെയാണ്. അതുപോലെയാണ് ഇതേ കുറിച്ച് ചോദിക്കുന്നതും. കാരണം, ഇത്തരം കാണികൾ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നതുപോലുള്ള കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹിറ്റ്മാൻ പറഞ്ഞു. കളിക്കാരുടെ സുരക്ഷ പ്രധാനമാണ്. അതുപോലെതന്നെയാണ് പുറത്തുള്ളവരുടെ സുരക്ഷയമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. കളിക്കാരുടെ സുരക്ഷ വളരെ പ്രധാനമാണെന്നും അതുപോലെ തന്നെ പുറത്തുള്ളവരുടെ സുരക്ഷയും പ്രധാനമാണെന്നും രോഹിത് വ്യക്തമാക്കി.
'ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നു. ഗ്യാലറിയിലിരിക്കുന്ന ആരാധകരും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. ഇന്ത്യയിലെ നിയമങ്ങളും ഇവിടുത്തെ നിയമങ്ങളും ചിലപ്പോൾ വ്യത്യസ്തമായിരിക്കാം. പക്ഷെ മനോഹരമായൊരു സ്റ്റേഡിയം അവർ നിർമിച്ചിട്ടുണ്ട്. അവിടെയിരുന്ന് കളികാണാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. അപ്പോൾ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകൻ ഗ്രൗണ്ടിലേക്കെത്തിയത്. തൊട്ടുപിന്നാലെയെത്തിയ ന്യൂയോർക്ക് പൊലീസ് ആരാധകനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസിനോട് അയാളെ ഉപദ്രവിക്കരുതെന്നും മൈതാനത്തിന് പുറത്തേക്ക് സമാധാനപരമായി കൊണ്ടുപോകണമെന്നും രോഹിത് പൊലീസിനോട് പറഞ്ഞിരുന്നു. ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കടക്കം ഭീഷണി നിലനിൽക്കുന്നതിനാൽ അമേരിക്കൽ അതീവ സുരക്ഷയാണ് ഒരുക്കിയത്.