വൈകിയെണീറ്റു, ടീം ബസ് പോയി; ബംഗ്ലദേശ് താരത്തിന് നഷ്ടമായത് ലോകകപ്പ് മത്സരം
ധാക്ക: ബസും തീവണ്ടിയുമൊക്കെ കിട്ടാതെ പരീക്ഷക്കും കല്യാണത്തിനുമൊക്കെ വൈകിയെത്താറുണ്ട്. ചിലപ്പോൾ ടർഫിൽ കളിയുള്ള സമയം വൈകിയെത്തിയാൽ കളിക്കാനും കൂട്ടില്ല. പക്ഷേ വൈകിയെത്തി ടീം ബസിൽ കയറാനാകാതെ ലോകകപ്പ് മത്സരം നഷ്ടമായാലോ?.
ബംഗ്ലദേശ് പേസ് ബൗളർ തസ്കിൻ അഹ്മദിനാണ് ഈ അബദ്ധം സംഭവിച്ചത്. ട്വൻറി 20 ലോകകപ്പിലെ ഇന്ത്യക്കെതിരായ സൂപ്പർ എട്ടിലെ നിർണായക മത്സര ദിവസം തസ്കിൻ അഹ്മദ് നന്നായി ഉറങ്ങി. വൈകി എണീറ്റതോടെ ടീം ബസെത്തിയപ്പോൾ കയറാനാകാത്തതിനാൽ കൃത്യസമയത്ത് എത്താനുമായില്ല. ബംഗ്ലദേശ് മത്സരത്തിൽ 50 റൺസിന് പരാജയപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ നാട്ടിലെത്തിയതിന് പിന്നാലെ ബംഗ്ലദേശ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ തസ്കിൻ മനസ്സുതുറന്നിരിക്കുകയാണ്. ‘‘ടീം ബസ് പോയത് രാവിലെ 8.35നാണ്. 8.43ന് തന്നെ ഞാനും അവിടുന്ന് പോന്നു. ബസ് എത്തിയ സമയത്ത് തന്നെ ഞാനും ഗ്രൗണ്ടിലെത്തി. ടോസ് ഇടുന്നതിന് അരമണിക്കൂർ മുേമ്പ എത്തിയിരുന്നു. ടീമിലെടുക്കാത്തത് താൻ വൈകിയെത്തിയത് കൊണ്ടല്ല’’ -തസ്കിൻ പറഞ്ഞു. വിശദീകരണത്തിന് പിന്നാലെ സംഭവത്തിൽ താരം മാപ്പുപറയുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി ബംഗ്ലദേശ് ‘സീനിയർ താരം ഷാക്കിബുൽ ഹസൻ രംഗത്തെത്തി. ‘‘ബസ് കൃത്യസമയത്ത് വരും. ബസ് ആർക്കായും കാത്തിരിക്കില്ല. ബസ് കിട്ടിയില്ലെങ്കിൽ മാനേജറുടെ കാറിലോ ടാക്സിയിലോ വരാം. പക്ഷേ വെസ്റ്റിൻഡീസിൽ വാഹനങ്ങൾ കിട്ടാൻ പ്രയാസമാണ്. അവൻ കളിതുടങ്ങുന്നതിന് അഞ്ചുപത്ത് മിനിറ്റുമുമ്പ് മാത്രമാണ് എത്തിയത്. അതുകൊണ്ടുതന്നെ ടീമിലെടുക്കാനായില്ല. ഏതായാലും അവൻ ബോധപൂർവം വൈകിയതല്ലല്ലോ.. മാപ്പും പറഞ്ഞു. അതുകൊണ്ടുതന്നെ എല്ലാവരും സാധാരണ സംഭവമായാണിത് കാണുന്നത്’’ -ഷാക്കിബ് പറഞ്ഞുനിർത്തി.
എന്തായാലും അലസത കാണിച്ചതിന് ടസ്കിെൻറ കൈയ്യിൻ നിന്നും ഫൈൻ ഈടാക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വൈകിയെത്തിയത് കൊണ്ടല്ല ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ടസ്കിൻ പറയുന്നുണ്ടെങ്കിലും സാധ്യതകൾ അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. വിഷയത്തിൽ ബംഗ്ലദേശ് പരിശീലകൻ ചന്ദിക ഹതുരുസിംഗ ഇതുവരെ പ്രതികരിച്ചിട്ടില്ല.