തോറ്റതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത പിഴയും
മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ ചുമത്തിയത്. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന്‍റെ പേരിലാണ് പിഴ.
ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കുഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ കനത്ത പിഴയും. മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴ ചുമത്തിയത്. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന്‍റെ പേരിലാണ് പിഴ.
നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ട ഓവറുകള്‍ക്ക് നാലോവര്‍ കുറച്ചാണ് ഇന്ത്യ എറിഞ്ഞിരുന്നത്. പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ. മത്സരത്തില്‍ ഓവര്‍ നിരക്ക് കുറഞ്ഞത് വീഴ്ചയായി സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിഴയടക്കാമെന്ന് വ്യക്തമാക്കി. കുറ്റം സമ്മതിച്ചതിനാല്‍ ഹിയറിങിന് രോഹിത് ഹാജരാവേണ്ട.
ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്. ഇന്ത്യ ഉയർത്തിയ 187 എന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ കൈവരിക്കുകയായിരുന്നു. അവസാന വിക്കറ്റിലെ അസാമാന്യ പ്രകടനമാണ് ബംഗ്ലാദേശിന് ജയം നേടിക്കൊടുത്തത്. അടുത്ത മത്സരം ബുധനാഴ്ച ധാക്കയിലാണ്. രണ്ടാം ഏകദിനത്തില്‍ ജയിച്ച് പരമ്പരയിലൊപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 70 പന്തില്‍ 73 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(27), ശിഖര്‍ ധവാന്‍(7), വിരാട് കോലി(9) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദറിനൊപ്പം അഞ്ചാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാഹുലാണ് ഇന്ത്യയെ 150 കടത്തിയത്. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ 36 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ എബാദത്ത് ഹൊസൈന്‍ 47 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ 136-9ലേക്ക് തകര്‍ന്ന ബംഗ്ലാദേശ് തോല്‍വിയുടെ വക്കിലായിരുന്നു. പത്താം വിക്കറ്റില്‍ മെഹ്ദി ഹസന്‍റെ(38*) പ്രകടനമാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്.