ടി20 ഫോർമാറ്റിൽ ഷമിയെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ടെന്ന് റിക്കി പോണ്ടിങ്
ഏഷ്യാ കപ്പില്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിലേക്ക് ചൂണ്ടിയാണ് പോണ്ടിങ്ങിന്റെ വാക്കുകള്‍.
മുംബൈ: മുഹമ്മദ് ഷമിയുടെ കരുത്ത് ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റിലാണെന്നും ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ വേഗതയിലെറിയുന്ന മികച്ച ബൗളർമാരുണ്ടെന്നും മുന്‍ ആസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ഏഷ്യാ കപ്പില്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിലേക്ക് ചൂണ്ടിയാണ് പോണ്ടിങ്ങിന്റെ വാക്കുകള്‍.
ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, അർഷ്ദീപ് സിങ് എന്നിവരെ കൂടാതെ നാലാമത്തെ പേസറായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരെയാണ് ഇന്ത്യ തെരഞ്ഞെടുത്തത്. അദ്ദേഹം (ഷമി) വളരെക്കാലമായി ഇന്ത്യക്ക് വേണ്ടി വളരെ മികച്ച രീതിയിലാണ് പന്ത് എറിയുന്നത്. അദ്ദേഹത്തിന്റെ ശക്തി നോക്കുകയാണെങ്കിലത് ടെസ്റ്റ് ക്രിക്കറ്റാണ്- പോണ്ടിങ് പറഞ്ഞു. ഇന്ത്യൻ ടി20 ക്രിക്കറ്റിൽ ഷമിയെക്കാൾ മികച്ച ഫാസ്റ്റ് ബൗളർമാർ ഉണ്ടെന്ന് ഞാൻ കരുതുന്നു, മൂന്നു പേരെയാണ് ഫാസ്റ്റ് ബൌളര്‍മാരായി ഇന്ത്യ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ നാലാമത് ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്തുകയാണ് എങ്കില്‍ അത് ഷമി ആയിരിക്കും, റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു.
ജസ്പ്രീത് ബുംറയ്ക്കും ഹർഷൽ പട്ടേലിനും പരിക്കേറ്റതിനാൽ, ഏഷ്യാ കപ്പിലേക്ക് ഷമിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ലോകകപ്പ് നടക്കുന്ന ആസ്‌ട്രേലിയയിലേക്ക് ഷമിയെ വേണമെന്ന് മുന്‍ മുഖ്യ സെലക്‌ടര്‍ കിരണ്‍ മോറെ അഭിപ്രായപ്പെട്ടിരുന്നു. ബുമ്രയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്നറിയില്ല. പരിക്ക് മാറിയാല്‍ ബുമ്രയും ഷമിയും തീര്‍ച്ചയായും ലോകകപ്പിനുണ്ടാവണമെന്നും മോറെ അഭിപ്രായപ്പെട്ടിരുന്നു.
ഭുവനേശ്വർ കുമാർ,ആർഷദീപ് സിങ്,ആവേശ് ഖാൻ എന്നിവരാണ് ഏഷ്യാകപ്പിലെ ഇന്ത്യൻ പേസർമാർ. കൂട്ടത്തിൽ ആർഷദീപും ആവേശ് ഖാനും പുതുമുഖങ്ങളാണ്. റൺസ് വഴങ്ങുന്നതിൽ ആർഷദീപ് പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും ആവേശ് ഖാൻ്റെ ബൗളിങ് ഫിഗർ ആശാസ്യമല്ല.
'There Are Better Fast Bowlers in Indian T20 Cricket Than Mohammed Shami'