' ഡ്രെസിങ് റൂമിൽ ഇന്ത്യൻ ടീം രണ്ടു ഗ്രൂപ്പായി ഇരിക്കുന്നത് ഞങ്ങൾ കണ്ടു' - ദാനിഷ് കനേരിയ
' കോഹ്‌ലി നായകനായിരുന്ന കാലഘട്ടത്തിലെ പോലെയല്ല ഇപ്പോൾ അദ്ദേഹത്തിന്റെ മനോഭാവം, പക്ഷേ അദ്ദേഹമൊരു ടീം പ്ലെയറാണ് കോഹ്‌ലി തിരിച്ചുവരും' -
നായകസ്ഥാനത്തു നിന്ന് കോഹ്‌ലിയുടെ പടിയിറക്കത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ പടലപിണക്കങ്ങൾ വർധിക്കുന്നതായി സൂചനകൾ. നേരത്തേ കോഹ്‌ലി-രോഹിത് തർക്കങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രശ്‌നങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
നിലവിൽ ഇന്ത്യൻ ടീം രണ്ടു ഗ്രൂപ്പുകളായി മാറിക്കഴിഞ്ഞെന്നാണ് മുൻ പാകിസ്താൻ താരം ദാനിഷ് കനേരിയയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ' ഇന്ത്യൻ ടീം ഡ്രെസിങ് റൂമിൽ രണ്ടു ഗ്രൂപ്പുകളായി ഇരിക്കുന്നത് ഞങ്ങൾ കണ്ടു, കോഹ്‌ലിക്കൊപ്പം ഒരു വിഭാഗവും മറ്റൊരു വിഭാഗം നിലവിലെ ക്യാപ്റ്റൻ രാഹുലിനൊപ്പവും'- അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
' കോഹ്‌ലി നായകനായിരുന്ന കാലഘട്ടത്തിലെ പോലെയല്ല ഇപ്പോൾ അദ്ദേഹത്തിന്റെ മനോഭാവം, പക്ഷേ അദ്ദേഹമൊരു ടീം പ്ലെയറാണ് കോഹ്‌ലി തിരിച്ചുവരും' - ദാനിഷ് കൂട്ടിച്ചേർത്തു.
കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിരവധി പ്രശ്‌നങ്ങൾ ഉരുണ്ടുകൂടുന്നുണ്ട് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശരിവെക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.
അതേസമയം ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയിലേറ്റ തോൽവിക്ക് പ്രതികാരം തീർക്കണമെങ്കിൽ ഇന്ത്യ ഇന്ന് ഉണർച്ച് കളിച്ചേ തീരൂ. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോൽവിക്കും പകരം വീട്ടാനുള്ള അവസരമാണ് ഇന്ന് ബോളണ്ട് പാർക്കിൽ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് തോറ്റാൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയും ന്ഷ്ടമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
ആദ്യ ഏകദിനത്തിൽ മുൻനിര മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരയും ബൗളിങ് നിരയും പരാജയപ്പെട്ടു. തുടക്കത്തിൽ വിക്കറ്റിട്ട ശേഷം ഇന്ത്യൻ ബൗളർമാർ പിന്നീട് ശോഭിച്ചില്ല. ആറാം ബോളറായ വെങ്കടേശ് അയ്യരിന് ഒരോവർ പോലും നൽകാത്തതും വിമർശനങ്ങൾക്ക് ഇടയാക്കി. വെറ്ററൻ താരം ശിഖർ ധവാൻ മടങ്ങിവരവിൽ തന്നെ ഫോമിലെത്തിയിട്ടുണ്ടെന്നത് ഇന്ത്യൻ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്.
എന്നാൽ അർധസെഞ്ചുറി നേടിയ കോഹ്ലിയും ശർദൂലും ഒഴികെയുള്ളവർ താളം കണ്ടെത്തണം. ഓപ്പണിങ് റോളിൽ ഋതുരാജ് ഗെയ്ക്വാദിനെ പരിഗണിച്ച് രാഹുൽ മധ്യനിരയിൽ ഇറങ്ങുമോയെന്ന് കണ്ടറിയണം. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ പുറത്തിരിക്കും. മറുവശത്തുള്ള ദക്ഷിണാഫ്രിക്ക മിന്നും ഫോമിലാണ്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ തിളങ്ങുന്നു. ദക്ഷിണാഫ്രിക്കൻ വെല്ലുവിളി മറികടക്കാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.