'ധോണി അവസരം നൽകിയിരുന്നെങ്കിൽ എന്റെ കരിയർ മറ്റൊന്നാകുമായിരുന്നു'; വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ്, റൈസിങ് പുണെ സൂപ്പർജയന്റ്‌സ്, പുണെ വാരിയേഴ്‌സ് ടീമുകൾക്കു വേണ്ടി 25 മത്സരങ്ങൾ കളിച്ച താരം 18 വിക്കറ്റുകളാണ് വീഴ്ത്തിയത്

Update: 2022-09-15 14:38 GMT
Editor : Dibin Gopan | By : Web Desk
Advertising

മുംബൈ: കഴിഞ്ഞ ദിവസമായിരുന്നു ക്രിക്കറ്റ് താരം ഈശ്വർ പാണ്ഡെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻതാരമായിരുന്നു ഈശ്വർ പാണ്ഡെ. ഫസ്റ്റ് ക്ലാസിൽ 75 മത്സരങ്ങൾ കളിച്ചിട്ടുള്ള മധ്യപ്രദേശിൽനിന്നുള്ള പേസർ 263 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിനായും സെൻട്രൽ സോണിനു വേണ്ടിയും തിളങ്ങിയെങ്കിലും ദേശീയ ടീമിനായി ഈശ്വറിന് കളിക്കാൻ സാധിച്ചിരുന്നില്ല.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ്, റൈസിങ് പുണെ സൂപ്പർജയന്റ്‌സ്, പുണെ വാരിയേഴ്‌സ് ടീമുകൾക്കു വേണ്ടി 25 മത്സരങ്ങൾ കളിച്ച താരം 18 വിക്കറ്റുകളാണ് വീഴ്ത്തിയത്. എം.എസ്. ധോണി തനിക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഈശ്വർ.

''ധോണി എനിക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ എന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നു. ആ സമയത്ത് എനിക്ക് 23-24 വയസ്സുമാത്രമായിരുന്നു പ്രായം. നല്ല ഫിറ്റ്‌നസും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കായി കളിക്കാൻ ധോണി ഒരു അവസരം നൽകിയിരുന്നെങ്കിൽ, ഞാൻ നല്ല പ്രകടനം നടത്തിയിരുന്നെങ്കിൽ എന്റെ കരിയർ മറ്റൊന്നാകുമായിരുന്നു'' പാണ്ഡെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

33 വയസ്സുകാരനായ താരം ഇന്ത്യ എ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ ഗോവയ്‌ക്കെതിരെ 2010ലാണ് താരം അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അവസാന പോരാട്ടം കേരളത്തിനെതിരെയായിരുന്നു. ട്വന്റി20യിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് അവസാന മത്സരത്തിന് ഇറങ്ങിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News