കിടിലൻ സിക്സറുമായി മൂന്നു വയസുകാരൻ; ഡേവിഡ് വാർണർ വെർഷൻ 2.0- വീഡിയോ
അനായാസം വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കുന്ന ഈ കില്ലാടി ഓസീസ് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി നിരവധി കമന്റുകൾ വന്നുകഴിഞ്ഞു.
സിഡ്‌നി: തനിക്ക് നേരെയെറിഞ്ഞ പന്തുകളെ അതേ വേഗതയിൽ അടിച്ചു പരത്തിയ മൂന്നു വയസുകാരന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെറുതെ പന്തടിച്ചു കളയുകയല്ല, ഷോട്ടുകളെല്ലാം പെർഫെക്ട് ക്രിക്കറ്റ് ഷോട്ട്. ആസ്‌ത്രേലിയക്കാരനായ മൂന്ന് വയസുകാരനാണ് ലോകമൊട്ടാകെയുള്ള ക്രിക്കറ്റ് പ്രേമകളുടെ മനം കവർന്നത്. പ്രൊഫഷണൽ ക്രിക്കറ്ററെ പോലെ ബാറ്റ് വീശിയും റണ്ണിനായി ഓടിയുമെല്ലാം ഈ കൊച്ചു മിടുക്കൻ ശ്രദ്ധ നേടുന്നു.വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്.
അനായാസം വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കുന്ന ഈ കില്ലാടി ഓസീസ് ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി നിരവധി കമന്റുകൾ വന്നുകഴിഞ്ഞു. രസകരമായ മറ്റു കമന്റുകളും സമൂഹമാധ്യമങ്ങളിൽ അരാധകർ പങ്കുവെച്ചു. പ്രോജക്ട് ഡേവിഡ് വാർണർ വെർഷൻ 2.0 എന്നായിരുന്നു ഒരാൾ പങ്കുവെച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിനകം കുട്ടിയെ വിളിച്ചുകഴിഞ്ഞതായി മറ്റൊരു കമന്റ്. 25.7 കോടി വിലയുള്ള ചെന്നൈ സൂപ്പർകിങ്‌സ് താരം എന്നും കമന്റുവന്നു. 2039 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഭാവി ഓസീസ് ക്യാപ്റ്റൻ എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ ഹ്യൂഗോ ഹീത്ത് ക്രിക്കറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കുട്ടിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ക്രിക്കറ്റ് ഷോട്ട് കളിക്കുന്നതോടൊപ്പം പ്രൊഫഷണൽ താരങ്ങളുടെ ബാറ്റിങ് രീതിയെ അനുകരിച്ചും മിടുക്കൻ ശ്രദ്ധിക്കപ്പെട്ടു. വീട്ടിൽ ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോയും ഈ പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കി ആസ്‌ത്രേലിയൻ കൗമാരപട കിരീടം നേടിയിരുന്നു. നേരത്തെ 2023 ലെ സീനിയർ ലോക കപ്പിലും കലാശപോരാട്ടത്തിൽ കങ്കാരുപടക്ക് മുന്നിൽ ഇന്ത്യ വീണിരുന്നു.