ന്യൂസിലാൻഡിനെതിരെ ചരിത്ര വിജയവുമായി ബംഗ്ലാദേശ്
സ്‌കോർബോർഡ് ചുരുക്കത്തിൽ: ന്യൂസിലാൻഡ്: 328, 169, ബംഗ്ലദേശ്: 458,42-2. രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് ന്യൂസിലാൻഡിനെ തകർത്തത്. ഹുസൈനാണ് കളിയിലെ താരവും.
ലോക ടെസ്റ്റ് ചാമ്പ്യന്മാരെ അവരുടെ തട്ടകത്തിൽ തോൽപിച്ച് ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായാണ് ന്യൂസിലാൻഡിൽ, ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. മാത്രമല്ല ആദ്യമായാണ് ന്യൂസിലാൻഡിനെതിരെ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിക്കുന്നതും. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി. രണ്ടാം ടെസ്റ്റ് ക്രൈസ്റ്റ്ചർച്ചിൽ ഈ മാസം 9ന് നടക്കും.
സ്‌കോർബോർഡ് ചുരുക്കത്തിൽ: ന്യൂസിലാൻഡ്: 328, 169, ബംഗ്ലദേശ്: 458,42-2. രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് ന്യൂസിലാൻഡിനെ തകർത്തത്. ഹുസൈനാണ് കളിയിലെ താരവും.
ടോസ് നേടിയ ബംഗ്ലാദേശ് ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 328 റൺസെടുക്കുന്നതിനിടെ ന്യൂസിലാൻഡ് ബാറ്റർമാരെല്ലാം പുറത്തായി. 122 റൺസ് നേടിയ ഡെവൻ കോൺവെയാണ് ന്യൂസിലാൻഡിനെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. വിൽ യങ്(52) ഹെൻറി നിക്കോളാസ് (75) എന്നിവരും തിളങ്ങി. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മെഹദി ഹസൻ, ഷൊരിഫുൽ ഇസ്‌ലാം എന്നിവർ ബംഗ്ലാദേശിനായി തിളങ്ങി.
മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് നേടിയത് 458 റൺസ്. ആർക്കും സെഞ്ച്വറി നേടാനായില്ലെങ്കിലും മധ്യനിരയുടെ മികവാണ് ബംഗ്ലാദേശിന് 130 റൺസിന്റെ ലീഡ് നേടിക്കൊടുത്തത്. നായകൻ മോമിനുൽ ഹഖ് 88 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ ഓപ്പണർ മഹ്‌മൂദുൽ ഹസൻ ജോയ്(78) ഷാന്റോ(64) ലിറ്റൻ ദാസ്(86) മെഹ്ദി ഹസൻ (47) എന്നിവർ ബംഗ്ലാദേശിനായി തിളങ്ങി.
130 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ന്യൂസിലാൻഡിന് അവിടെയും പിഴച്ചു. നേടാനായത് വെറും 169 റൺസ് മാത്രം. വിൽ യങിനും(69) റോസ് ടെയ്‌ലർക്കും(40) മാത്രമെ പിടിച്ചുനിൽക്കാനായുള്ളൂ. ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് ന്യൂസിലാൻഡിനെ തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തി തസ്‌കിൻ അഹമ്മദ് പിന്തുണകൊടുത്തു. 40 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു.