കളിച്ചത് രണ്ട് മത്സരങ്ങൾ, അതിനിടെ റെക്കോർഡും; മറികടന്നത് സൂര്യകുമാർ യാദവിനെ

തകർച്ചക്കിടയിലും ആശ്വാസമായതും പ്രതീക്ഷയേകുന്നതും തിലക് വർമ്മയുടെ ബാറ്റിങായിരുന്നു

Update: 2023-08-07 12:32 GMT
Editor : rishad | By : Web Desk
Advertising

ട്രിനിഡാഡ്: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്തിട്ടും ഇന്ത്യക്ക് നേടാനായത് വെറും 152 റൺസ്. ബൗളിങിനിടെ ഒരുഘട്ടത്തിൽ വിജയപ്രതീക്ഷയുയർന്നെങ്കിലും താളം പോയി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് മുന്നിലെത്തി(2-0). ഇനി വരുന്ന മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമെ ഇന്ത്യക്ക്  ടി20 പരമ്പര സ്വന്തമാക്കാനാകൂ.

വൻ തകർച്ചക്കിടയിലും ആശ്വാസമായത് തിലക് വർമ്മയുടെ ബാറ്റിങാണ്. ആദ്യ ടി20യിൽ തകർത്തടിച്ച് തുടങ്ങിയെങ്കിലും രണ്ടാം ടി20യിൽ നേട്ടം അർധ സെഞ്ച്വറിയിൽ എത്തിച്ചു. താരത്തിന്റെ ടി20യിലെ കന്നി അർധശതകം ആണ്. ഈ പരമ്പരയിൽ ആണ് തിലക് വർമ്മ ഇന്ത്യക്കായി അരങ്ങേറിയത് തന്നെ. സ്‌കോർ നേടാൻ പ്രയാസപ്പെട്ട പിച്ചിലും താരത്തിന്റെ ഇന്നിങ്‌സ് 41 പന്തിൽ 51 റൺസായിരുന്നു. ആദ്യ ടി20യിൽ 22 പന്തിൽ നിന്ന് 39 റൺസാണ് തിലക് വർമ്മ നേടിയത്.

രണ്ട് ഇന്നിങ്‌സുകളിൽ നിന്ന് താരം നേടിയത് 90 റൺസ്. ഇന്ത്യക്കായി ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡാണ് തിലക് വർമ്മ സ്വന്തം പേരിലാക്കിയത്. സൂര്യകുമാർ യാദവ് നേടിയത് 89 റൺസാണ്. ഈ റെക്കോർഡാണ് തിലക് വർമ്മ സ്വന്തം പേരിലാക്കിയത്. 83 റൺസ് നേടിയ മന്ദീപ് സിങാണ് മൂന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള മന്ദീപ് സിങ് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ല.

രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവ് ടി20 ബാറ്റിങ് റാങ്കിങിൽ തന്നെ ഒന്നാം സ്ഥാനത്ത് ആണെങ്കിലും ഫോം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അതേസമയം ഇന്ത്യക്കായി ടി20 അർധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരിൽ രണ്ടാമത് എത്താനും തിലകിനായി. ഇന്നലെ അർധശതകം നേടുമ്പോൾ തിലക് വർമ്മയുടെ പ്രായം 20 വയസും 271 ദിവസമാണ്. രോഹിത് ശർമ്മയാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശർമ്മ അർധ ശതകം നേടുമ്പോൾ താരത്തിന്റെ പ്രായം 20 വയസും 143 ദിവസവുമായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News