ബോൾട്ടിന് ചരിത്രനേട്ടം; അതിവേഗം 200 ഏകദിന വിക്കറ്റ് നേടിയ മൂന്നാം ബൗളർ

ന്യൂസിലൻഡിന് മുമ്പിൽ 246 റൺസ് വിജയലക്ഷ്യം തീർത്ത് ബംഗ്ലാദേശ്

Update: 2023-10-13 12:52 GMT
Advertising

ചെന്നൈ: അന്താരാഷ്ട്ര മത്സരങ്ങളാകട്ടെ, ഐപിഎൽ മത്സരങ്ങളാകട്ടെ ആദ്യ ഓവർ എറിഞ്ഞ് വിക്കറ്റ് വീഴ്ത്തുന്നത് ഹരമാക്കിയ താരമാണ് ന്യൂസിലൻഡിന്റെ ട്രെൻറ് ബോൾട്ട്. വിക്കറ്റെടുക്കുന്നതിൽ മിടുക്കനായ താരം ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ വിക്കറ്റ് വേട്ടയിൽ തകർപ്പൻ നേട്ടം കൊയ്തു. അതിവേഗം 200 ഏകദിന വിക്കറ്റെന്ന റെക്കോഡാണ് നേടിയത്. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ തൗഹീദ് ഹൃദോയിയെ മിച്ചൽ സാൻറ്‌നറുടെ കൈകളിലെത്തിച്ചാണ് നേട്ടം. ഇതോടെ അതിവേഗം 200 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാം ബൗളറായും മാറി. 107 മത്സരങ്ങളിൽ നിന്നാണ് റെക്കോഡ്. മിച്ചൽ സ്റ്റാർക്കും(102) സഖ്‌ലൈൻ മുഷ്താ(104)ഖുമാണ് ബോൾട്ടിന്റെ മുമ്പിലുള്ളത്. ഇന്നത്തെ മത്സരത്തിൽ 10 ഓവറിൽ 45 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റാണ് ബോൾട്ട് നേടിയത്. ഓപ്പണർ ലിറ്റൺ ദാസിനെ പൂജ്യത്തിന് പുറത്താക്കി ഗംഭീര തുടക്കമാണ് കിവിപ്പടയ്ക്ക് താരം നൽകിയത്.

അതേസമയം, മത്സരത്തിൽ ന്യൂസിലൻഡിന് മുമ്പിൽ 246 റൺസ് വിജയലക്ഷ്യമാണ് ബംഗ്ലാദേശ് തീർത്തത്. എംഎ ചിദംബരം സ്‌റ്റേഡിയത്തിലെ മത്സരത്തിൽ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് ടീം നേടിയത്. വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുറഹീം അർധസെഞ്ച്വറിയും നായകൻ ഷാക്കിബുൽ ഹസൻ 40 റൺസും നേടി. വാലറ്റത്ത് മഹ്‌മൂദുല്ല 49 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. മെഹ്ദി ഹസനാ(30)ണ് കൂടുതൽ സംഭാവന നൽകിയ മറ്റൊരു താരം.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡ് തീരുമാനം ശരിവെക്കുന്ന താരത്തിലാണ് ബൗളർമാരുടെ പ്രകടനം. ലോക്കീ ഫെർഗൂസൻ മൂന്നും മാറ്റ് ഹെൻട്രി രണ്ടും വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സാൻറ്‌നറും ഗ്ലെൻ ഫിലിപ്‌സും ഓരോ വിക്കറ്റ് നേടി. ട്രെൻറ് ബോൾട്ട് ബംഗ്ലാ ഓപ്പണർ ലിറ്റൺ ദാസിനെ പൂജ്യത്തിന് പുറത്താക്കി. മാറ്റ് ഹെൻട്രിയുടെ കൈകളിലെത്തിക്കുകയായിരുന്നു ബോൾട്ട്. മറ്റൊരു ഓപ്പണറായ തൻസിദ് ഹസനെ(16) ലോക്കീ ഫെർഗൂസന്റെ പന്തിൽ ഡിവോൺ കോൺവേ പിടികൂടി. മഹ്ദിയെയും ഷാക്കിബിനെയും ഫെർഗൂസനും മുഷ്ഫിഖിനെയും മുസ്തഫിസുർറിനെയും മാറ്റ് ഹെൻട്രിയും മടക്കിയയച്ചു. മുഷ്ഫിഖ് ബൗൾഡായപ്പോൾ ബാക്കിയുള്ളവർ ക്യാച്ചിൽ കുടുങ്ങി.

തുടർച്ചയായി രണ്ട് മത്സരവും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് പട. ഇംഗ്ലണ്ട്, നെതർലൻഡ്‌സ് എന്നീ ടീമുകളെയാണ് ടീം തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ ജയം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 137 റൺസിന്റെ കനത്ത തോൽവിയേറ്റുവാങ്ങി.

Trent Boult became the third fastest player to complete 200 wickets in ODIs

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News