ലോകകപ്പിൽ ഇന്ന് രണ്ട് മത്സരം: ശ്രീലങ്ക നെതർലൻഡ്‌സിനെയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയും നേരിടും

ടൂർണമെന്റിൽ ഇതുവരെ വിജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ തീപാറും

Update: 2023-10-21 05:51 GMT
Advertising

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് മത്സരം. രാവിലെ പത്തരയ്ക്കുള്ള ആദ്യ മത്സരത്തിൽ ശ്രീലങ്ക നെതർലൻഡ്‌സിനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ വിജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല. എന്നാൽ കഴിഞ്ഞ കളിയിൽ ദക്ഷിണാഫ്രിക്കക്കയെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് നെതർലൻഡ്‌സ് ശ്രീലങ്കയെ നേരിടുന്നത്. ലഖ്‌നൗവിലാണ് മത്സരം.

കഴിഞ്ഞ കളിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത നായകൻ സ്‌കോട്ട് എഡ്വേർസിലാണ് ഇന്നും ടീമിന്റെ പ്രതീക്ഷകൾ. മുൻനിര തകർന്ന മത്സരത്തിൽ നെതർലൻഡ്‌സിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത് താരമായിരുന്നു. ബാറ്റർമാർ മറ്റാരും പിടിച്ചു നിൽക്കാതെ പതറുന്നതാണ് ഡച്ച് സംഘം നേരിടുന്ന പ്രതിസന്ധി. ദക്ഷിണാഫ്രിക്കക്കെതിരെ വിജയത്തിൽ നിർണയകമായ ബൗളർമാർ ഇന്നും പ്രകടനം ആവർത്തിച്ചാൽ ലങ്കക്കെതിരെയും വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടീം. പരിക്കാണ് ശ്രീലങ്കൻ ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ലോകകപ്പിന് മുമ്പേ തുടങ്ങിയ പരിക്കെന്ന വില്ലൻ ടൂർണമെന്റിലും ടീമിനെ വേട്ടയാടുകയാണ്. നായകൻ ദസുൻ ഷനകക്ക് പിന്നാലെ പേസർ മതീഷ പതിരന ക്കും പരിക്കേറ്റത് ലങ്കക്ക് ഇരട്ടി പ്രഹരമായി.

ഷനകക്ക് പകരക്കാരനായി ചമിക കരുണരത്‌നയെ ശ്രീലങ്ക സ്‌ക്വാഡിൽ ഉൾപ്പെടുത്തിയപ്പോൾ ട്രാവലിങ് റിസർവ് താരങ്ങളായി ഏഞ്ചലോ മത്യൂസിനെയും ദുഷ്മന്ത ചാമീരയെയും ടീമിന് ഒപ്പം കൂട്ടിയിട്ടുണ്ട്. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു സ്റ്റാർ സ്പിന്നർ വാനിന്ദു ഹസരങ്ക പരിക്കേറ്റ് പുറത്തായത്.

ലോകകപ്പിൽ പത്ത് ടീമുകളിൽ ഒറ്റവിജയങ്ങളുമില്ലാത്ത ഏക ടീം ശ്രീലങ്കയാണ്. മൂന്നിൽ മൂന്നും തോറ്റ് അവസാന സ്ഥാനത്താണ് ടീം. അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇനിയുള്ള ആറ് മത്സരങ്ങളും വിജയിക്കാതെ മറ്റൊരു വഴിയും ലങ്കക്ക് മുന്നിൽ ഇല്ല. ഇന്നും കൂടി പരാജയപ്പെട്ടാൽ ലോകകപ്പിലെ സെമിപ്രതീക്ഷകൾ ഏറെക്കുറെ അവസാനിക്കും. നെതർലൻഡ്‌സും ശ്രീലങ്കയും ഏകദിനങ്ങളിൽ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം ലങ്കക്കൊപ്പമായിരുന്നു.


Full View

അതേസമയം, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം മത്സരത്തിൽ തീപാറും. നെതർലൻഡ്‌സിനോടേറ്റ തോൽവി ദക്ഷിണാഫ്രിക്കയെ ഉണർത്തിയിട്ടുണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് മുംബൈയിലെ വാംഖണ്ടെയിലാണ് കളി. ടൂർണമെന്റിൽ ഏറ്റവും അപകടാരികളാകുമെന്ന് പ്രവചിച്ച ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാൽ നിലവിലെ ചാമ്പ്യൻമാർക്ക് പെരുമക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. ആദ്യ മത്സരം കിവീസിനോട് തോറ്റ ടീം രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ഞ്ഞെട്ടിക്കുന്ന പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. സ്ഥിരതയില്ലായമയാണ് ഇംഗ്ലണ്ടിനെ അലട്ടുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും സൂപ്പർ താരങ്ങളുണ്ടെങ്കിലും മത്സരങ്ങളിൽ അവസരത്തൊനൊത്ത് ഉയരുന്നതിൽ പലരും പരാജയപ്പെടുന്നു. പരിക്കിൽ നിന്ന് മുക്തനായ ബെൻ സ്റ്റോക്‌സ് ടീമിലേക്ക് ഇന്ന് മടങ്ങിയെത്തിയേക്കും. ടൂർണമെന്റിൽ ഇതുവരെ താളം കണ്ടെത്താതെ ഉഴലുന്ന ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാമാകും സ്റ്റോക്‌സിന്റെ മടങ്ങിവരവ്.

ആദ്യ രണ്ട് മത്സരങ്ങൾ ആധികാരികമായി വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിതമായിരുന്നു മൂന്നാം മത്സരത്തിൽ നെതർലൻഡ്‌സുമായുള്ള പരാജയം. എതിരാളികളെ വിലകുറച്ചു കണ്ടതാണ് ടീമിന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിൽ മാത്രമായിരുന്നു ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് അടിതെറ്റിയത്. അതിനാൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോൾ ടീം ജാഗ്രത പുലർത്തുമെന്ന് ഉറപ്പ്. ക്വിന്റൺ ഡിക്കോകും ഐഡൻ മർക്രവും ഉൾപ്പെട്ട ബാറ്റിങ് നിര ആദ്യ രണ്ട് കളികളിലെ ഫോം പുറത്തെടുത്താൽ ടീമിന് ഇംഗ്ലണ്ട് ഒരു വെല്ലുവിളിയാകിയില്ല. ബൗളർമാരും ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനം പുറത്തെടുത്താൽ ടീമിന് ഇന്ന് വിജയം നേടിയെടുക്കാം.


Full View

Two matches in ODI World Cup today: Sri Lanka will face the Netherlands and South Africa will face England

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News