'ബെയിൽസ് പോയ പോക്കെ..; ഉംറാൻ മാലികിന്റെ 'തീയുണ്ട' സ്റ്റമ്പ് ഇളക്കിയപ്പോൾ...
ബാറ്റിങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം തിളങ്ങിയപ്പോൾ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ വമ്പൻ ജയമാണ് ഇന്ത്യ ആഘോഷിച്ചത്
അഹമ്മദാബാദ്: ഇന്ത്യയുടെ എല്ലാ ഡിപാർട്‌മെന്റും തകർത്ത്കളിച്ച മത്സരമായിരുന്നു ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20. ബാറ്റിങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം തിളങ്ങിയപ്പോൾ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ വമ്പൻ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. മത്സരത്തിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ബൗളർ ഉംറാൻ മാലികിന്റേത്. 2.1 ഓവർ എറിഞ്ഞ മാലിക് വിട്ടുകൊടുത്തത് വെറും ഒമ്പത് റൺസ്.
അതിൽ രണ്ട് വിക്കറ്റും വീഴ്ത്തി. വേഗം കൊണ്ട് ഇതിനകം തന്നെ ഉംറാൻ മാലിക് ഞെട്ടിച്ചുകളഞ്ഞതാണ്. അത്തരത്തിലൊരു പന്ത് കഴിഞ്ഞ കളിയിലും വന്നു. ഇന്നിങ്‌സിന്റെ 4ാം ഓവറിലെ രണ്ടാം പന്തായിരുന്നു മാലികിന്റെ വേഗത ഒന്നുകൂടി തെളിയിച്ചത്. ബ്രേസ്‌വെലായിരുന്നു ക്രീസിൽ. ഉംറാനെ ഉയർത്തിയടിക്കാനുള്ള ബ്രേസ്‌വെലിന്റെ ശ്രമം പാളി. പന്ത് സ്റ്റമ്പ് ഇളക്കിയപ്പോൾ ബേൽസ് കീപ്പറെയും മറികടന്ന് പോയി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മത്സരത്തിൽ 168 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. റൺസ് കൊണ്ട് ഇന്ത്യ നേടുന്ന വലിയ വിജയം. 20 ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് നാലിന് 234 എന്ന പടുകൂറ്റൻ സ്‌കോർ. എന്നാൽ 12.1 ഓവറിൽ എല്ലാ ന്യൂസിലാൻഡ് ബാറ്റർമാരും കൂടാരം കയറി. 66 റൺസായിരുന്നു അപ്പോൾ ന്യൂസിലാൻഡ് സ്‌കോർബോർഡിൽ ഉണ്ടായിരുന്നത്. ശുഭ്മാൻ ഗിൽ നേടി തട്ടുതകർപ്പൻ സെഞ്ച്വറിയും രാഹുൽ ത്രിപാഠിയുടെ ഇന്നിങ്‌സുമാണ് ഇന്ത്യക്ക് വലിയ സ്‌കോർ നേടിക്കൊടുത്തത്. നാല് വിക്കറ്റ് വീഴ്ത്തി ബൗളിങിൽ ഹാർദിക് പാണ്ഡ്യയും തിളങ്ങിയിരുന്നു.