റിഷഭ് പന്തിനെ കാറിൽ നിന്ന് പുറത്തിറക്കിയ ബസ് ഡ്രൈവർ സുശീൽ കുമാറിനെ ആദരിച്ച് ഉത്തരാഖണ്ഡ് പൊലീസ്
വി.വി.എസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ സുശീലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ന്യൂഡല്‍ഹി: റിഷഭ് പന്തിന്റെ വാഹനാപകടത്തെ തുടർന്ന് സഹായിച്ച ഹരിയാന റോഡ്‌വേസ് ബസ് ഡ്രൈവർ സുശീൽ കുമാറിനെയും കണ്ടക്ടര്‍ പരംജീത്ത് നൈനെയും ആദരിച്ച് ഉത്തരാഖണ്ഡ് പൊലീസ്. നേരത്തെ വി.വി.എസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ സുശീലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
അപകടത്തെക്കുറിച്ച് സുശീല്‍കുമാര്‍ പറയുന്നത് ഇങ്ങനെ; 'പുലര്‍ച്ചെ 4:25 നാണ് ബസ്, ഹരിദ്വാറില്‍ നിന്ന് പുറപ്പെട്ടത്. ബസിന്റെ ഏകദേശം 100 മീറ്റര്‍ മാറിയാണ് കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറിയത്. കാര്‍ ബസിന്റെ നേര്‍ക്ക് വന്നതോടെ യാത്രക്കാര്‍ ഭയന്നു. കാര്‍ കണക്ടറിന്റെ വശത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ ഡിവൈഡറില്‍ ഇടിച്ച് മൂന്ന് നാല് തവണ തിരിഞ്ഞു'- സുശലീല്‍ കുമാര്‍ പറഞ്ഞു.
'ക്രിക്കറ്റ് പിന്തുടരാത്തതുകൊണ്ട് എനിക്ക് അദ്ദേഹത്തെ മനസിലായില്ല. വളരെ വേഗം അദ്ദേഹത്തെ പുറത്തെടുത്ത് ഡിവൈഡറില്‍ കിടത്തി. അദ്ദേഹം വെള്ളം ചോദിച്ചപ്പോള്‍ അത് നല്‍കി. യാത്രക്കാരിലൊരാള്‍ തുണികൊണ്ട് അദ്ദേഹത്തിന്റെ ശരീരം മറച്ചു, പിന്നീടാണ് പൊലീസിനെ വിവരം അറിയിച്ചത്-സുശീല്‍കുമാര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെയാണ് ഇന്ത്യൻ ക്രിക്കറ്റ്റ് താരം റിഷഭ് പന്തിന് വാഹനം ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്. അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ റിഷഭ് പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പന്തിന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തില്‍പ്പെട്ടത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിന് ഗുരുതമായി പരിക്കേറ്റിട്ടില്ലെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെടുമ്പോള്‍ പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്.