'പറക്കും ഡോട്ടിൻ'; സമൂഹമാധ്യമങ്ങളിൽ തരംഗമായി മിന്നും ക്യാച്ച്
മത്സരത്തിൽ 47.4 ഓവറിൽ 218 റൺസിന് ഓൾഔട്ടായി ഇംഗ്ലണ്ട് മത്സരം കൈവിടുകയും ചെയ്തു
ന്യൂസീലൻഡിൽ നടക്കുന്ന വനിതാ ലോകകപ്പ് മത്സരത്തിൽ മിന്നും ക്യാച്ചുമായി വെസ്റ്റിൻഡീസ് താരം ദിയേന്ദ്ര ഡോട്ടിൻ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അസാമാന്യ ക്യാച്ചുമായി ഡോട്ടിൻ ഞെട്ടിച്ചത്. ഇംഗ്ലിഷ് ഓപ്പണർ ലോറൻ വിൻഫീൽഡ് ഹില്ലിനെ പുറത്താക്കാൻ ഡോട്ടിൻ എടുത്ത പറക്കും ക്യാച്ചിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഡോട്ടിനും ഹെയ്‌ലി നൈറ്റും തകർത്തടിച്ചതോടെ അവർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വനിതകൾ നേടിയത് 225 റൺസ്. ഡോട്ടിൻ 31 റൺസെടുത്തും ഹെയ്‌ലി 45 റൺസെടുത്തും പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ ഷെമെയ്ൻ കാംബൽ അർധസെഞ്ചുറി (66) നേടിയതോടെയാണ് വിൻഡീസ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
ഇംഗ്ലണ്ട് മറുപടി ബാറ്റിങ് ആരംഭിച്ച് അധികം വൈകും മുൻപായിരുന്നു ഡോട്ടിന്റെ തകർപ്പൻ ക്യാച്ച് ആരാധകരെ ഞെട്ടിച്ചത്. ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഒൻപതാം ഓവർ ബോൾ ചെയ്തത് ഷമീലിയ കോണൽ. ആദ്യ പന്തു നേരിട്ട ലോറൻ വിൻഫീൽഡ് ഹിൽ കട്ട് ഷോട്ടിലൂടെ ബൗണ്ടറിക്കു ശ്രമിച്ചു.
പന്ത് ബാക്വാർഡ് പോയിന്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദിയേന്ദ്ര ഡോട്ടിനെ കടന്നുപോകുമെന്ന് തോന്നിച്ചെങ്കിലും പറന്ന് ഡോട്ടിൻ പന്ത് തന്റെ കയ്യിലൊതുക്കി. ഇതോടെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മത്സരത്തിൽ 47.4 ഓവറിൽ 218 റൺസിന് ഓൾഔട്ടായി ഇംഗ്ലണ്ട് മത്സരം കൈവിടുകയും ചെയ്തു.
This catch from @Dottin_5 though 👀🔥 #CWC22 pic.twitter.com/VoVhVcG2T3
— 🏏Flashscore Cricket Commentators (@FlashCric) March 9, 2022