പോകുന്ന പോക്കില്‍ കസേര കുത്തി മറിച്ചിട്ട് കോലി: പൊക്കി 'മാച്ച് റഫറി'

ഔട്ടായി മടങ്ങവെ ഡഗ്ഔട്ടിലെ കസേര ബാറ്റ് കൊണ്ട് കുത്തി മറിച്ചിട്ടതിനാണ് കോലിക്ക് താക്കീത് നല്‍കിയത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റമാണ് കോലി നടത്തിയത്.

Update: 2021-04-15 06:24 GMT
Editor : rishad | By : Web Desk
Advertising

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ ചൂടന്‍ പെരുമാറ്റത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് ശക്തമായ താക്കീത്. ഔട്ടായി മടങ്ങവെ ഡഗ്ഔട്ടിലെ കസേര ബാറ്റ് കൊണ്ട് കുത്തി മറിച്ചിട്ടതിനാണ് കോലിക്ക് താക്കീത് നല്‍കിയത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റമാണ് കോലി നടത്തിയത്. അതാണ് ശക്തമായ താക്കീതിലേക്ക് എത്തിയത്. മത്സരത്തില്‍ 33 റണ്‍സാണ് കോലി നേടിയത്. 29 പന്തുകളില്‍ നിന്ന് നാല് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു കോലിയുടെ ഇന്നിങ്‌സ്.

ജേസണ്‍ ഹോള്‍ഡറാണ് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്കെതിരെ മേധാവിത്വം പുലര്‍ത്താന്‍ കോലിക്കായിരുന്നില്ല. ഇതിനിടെയാണ് ജേസണ്‍ ഹോള്‍ഡര്‍ കോലിയുടെ വിക്കറ്റ് വീഴ്ത്തുന്നതും. അപ്രതീക്ഷിതമായി വന്നൊരു  ബൗണ്‍സറിന് കോലി ബാറ്റുവെക്കുകയായിരുന്നു. പന്ത് നേരെ വിജയ് ശങ്കറുടെ കൈകളിലേക്ക്. അതേസമയം മത്സരത്തില്‍ ബംഗളൂരു വിജയിച്ചിരുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ ആറു റണ്‍സിനായിരുന്നു ബംഗളൂരുവിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നായകൻ ഡേവിഡ്​ വാർണറും മനീഷ്​ പാണ്ഡെയും ഹൈദരാബാദിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അവർ കൂടാരം കയറിയതോടെ ടീം പാടെ തകരുകയായിരുന്നു. സ്​കോർ: ആർ.സി.ബി - 149/8 (20 ഓവർ), എസ്​.ആർ.എച്ച്​ - 143/9(20 ഓവർ).16ാം ഓവർ വരെ കളി ഹൈദരാബാദിന്‍റെ കൈയ്യിലായിരുന്നു. രണ്ടു വിക്കറ്റിന് 115 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഹൈദരാബാദ് അപ്പോൾ. എന്നാല്‍ ഷഹബാസിന്‍റെ ഓവറില്‍ ബെയര്‍സ്‌റ്റോ, പാണ്ഡെ, സമദ് എന്നിവര്‍ തുടരെ പുറത്തായതോടെ ടീം പതറാൻ തുടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ശങ്കറും കൂടാരം കയറി. 19ാം ഓവറിൽ ഹോൾഡറും 20ാം ഓവറിൽ റാഷിദ്​, നദീം എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്‍റെ തോൽവി സമ്പൂർണ്ണമായി. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News