'പുതു തലമുറക്കായി കളംവിടുന്നു'; രാജ്യത്തെ കിരീട നേട്ടത്തിലെത്തിച്ച് രാജാവ് പടിയിറങ്ങി
ഫൈനലിൽ അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയാണ് കളിയിലെ താരം
ബാർബഡോസ്: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു. ഫൈനലിലെ താരവും കിങ് കോഹ്‌ലിയാണ്.
'ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതിൽ കപ്പുയർത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അടുത്ത തലമുറ ഏറ്റെടുക്കാനുള്ള സമയമായി. ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്'. കളിയിലെ താരം പുരസ്‌കാരമേറ്റുവാങ്ങി താരം വ്യക്തമാക്കി. ടെസ്റ്റിലും ഏകദിനത്തിലും ഐ.പി.എൽ മത്സരങ്ങളിലും തുടർന്നും കളിക്കും.
2007 ന് ശേഷം മറ്റൊരു ട്വന്റി 20 കിരീടത്തിലാണ് ഇന്ത്യ മുത്തമിട്ടത്. അന്ന് കിരീടം നേടിയ സംഘത്തിൽ കോഹ്‌ലിയുണ്ടായിരുന്നില്ല. 2011ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ഐ.സി.സി കിരീട വരൾച്ചക്കും ഇതോടെ അറുതിയായി. ബാർബഡോസിൽ നടന്ന കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തകർത്താണ് രോഹിത് ശർമയും സംഘവും കപ്പുയർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ കോഹ്ലി 59 പന്തിൽ 76 റൺസാണ് അടിച്ചത്.