തോൽപിച്ചത് കോഹ്‌ലിയുടെ സ്ലോ ബാറ്റിങോ; സെഞ്ച്വറിയിലും ബെംഗളൂരു താരത്തിന് ട്രോൾ

പവർപ്ലേയിലടക്കം താരത്തിന്റെ സ്ലോ ബാറ്റിങാണ് ടീമിന് തിരിച്ചടിയായതെന്നാണ് വിമർശനം. 39 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്.

Update: 2024-04-06 18:55 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ജയ്പൂർ: ബാറ്റിങ് മികവിലേക്കുയരുമ്പോൾ ബൗളർമാർ കളിമറക്കും. ബൗളർമാർ നിലവാരത്തിലേക്കുയരുമ്പോൾ ബാറ്റ്‌സ്മാൻമാർ വേഗത്തിൽ കൂടാരം കയറും. കഴിഞ്ഞ കുറച്ച് സീസണുകളിലായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേരിടുന്ന ഈ പ്രതിസന്ധിക്ക് 17ാം സീസണിലും പരിഹാരമായില്ല. സീസണിലെ അഞ്ചാം മാച്ചിൽ നാലാം തോൽവി വഴങ്ങി ടീം പടുകുഴിയിലേക്ക് വീഴുമ്പോൾ ആശ്വസിക്കാനുള്ളത് വിരാട് കോഹ്‌ലിയുടെ വ്യക്തിഗത നേട്ടം മാത്രം. ഓറഞ്ച് ക്യാപ്പുമായി താരം ബഹുദൂരം മുന്നിലാണ്.

സീസണിലെ ആദ്യ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും വിമർശനമുന വിരാട് കോഹ്‌ലിക്ക് നേരെയും ഉയരുന്നുണ്ട്. പവർപ്ലേയിലടക്കം താരത്തിന്റെ സ്ലോ ബാറ്റിങാണ് ടീമിന് തിരിച്ചടിയായതെന്നാണ് വിമർശനം. 39 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. ഓപ്പണിങിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി ഫാഫ് ഡുപ്ലെസിസും-വിരാട് കോഹ്‌ലിയും ക്രീസിലുണ്ടായിരുന്നിട്ടും ടീം സ്‌കോർ 200 കടക്കാതിരുന്നത് അത്ഭുതപ്പെടുത്തിയതായി ആരാധകർ പറയുന്നു. 33 പന്തിൽ 44 റൺസ് നേടി 14ാം ഓവറിൽ ബെംഗളൂരു ക്യാപ്റ്റൻ ഡുപ്ലെസിസ് പുറത്താകുമ്പോൾ സ്‌കോർ 125ൽ എത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ആറോവറിൽ ടീം പ്രതീക്ഷിച്ചതുപോലെ സ്‌കോറിംഗ് ഉയർന്നില്ല. ഒരുവശത്ത് കോഹ്‌ലി സ്‌കോറിംഗ് വേഗമുയർത്തിയെങ്കിലും ഓസീസ് താരങ്ങളായ ഗ്ലെൻ മാക്‌സ്‌വെലും കാമറൂൺ ഗ്രീനും നിറംമങ്ങി. മുൻ മാച്ചുകളിൽ തകർത്തടിച്ച മഹിപാൽ ലോമറിനെ ടീമിൽ ഉൾപ്പെടുത്തിയതുമില്ല. ഫിനിഷർ ദിനേശ് കാർത്തികിന് ബാറ്റിങിനുള്ള അവസരവും ലഭിച്ചില്ല. ഇതോടെ മികച്ച തുടക്കം ലഭിച്ചിട്ടും സ്‌കോർ 183 റൺസിലൊതുങ്ങി.

മറുപടി ബാറ്റിങിൽ യശസ്വി ജയ്‌സ്വാളിനെ സ്‌കോർബോർഡ് തുറക്കു മുൻപ് നഷ്ടമായെങ്കിലും രാജസ്ഥാൻ പവർപ്ലെ കൃത്യമായി ഉപയോഗപ്പെടുത്തി കളി കൈവശപ്പെടുത്തുകയായിരുന്നു. ബെംഗളൂരു ക്യാപ്റ്റൻസിയിലെ പരാജയവും ടീം തോൽവിക്ക് പിന്നാലെ ചർച്ചയാകുന്നുണ്ട്. മികച്ചരീതിയിൽ കഴിഞ്ഞ മത്സരങ്ങളിൽ പന്തെറിഞ്ഞ ഗ്ലെൻ മാക്‌സ് വെലിന് ഒരു ഓവർപോലും നൽകാൻ ഡുപ്ലെസിസ് തയാറായില്ല. ഫോമിലല്ലാതിരുന്ന ജോഷ് ബട്‌ലറിനെ സമ്മർദ്ദത്തിലാക്കാനുള്ള അവസരമൊന്നും പ്രയോഗിച്ചതുമില്ല. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ മയങ്ക് ഡഗർ രണ്ട് ഓവറിൽ വഴങ്ങിയത് 34 റൺസ്. ഇംഗ്ലീഷ് താരം റീസ് ടോപ്ലിയല്ലാതെ മറ്റു ബൗളർമാരെല്ലാം പരാജയമായി. യുസ്വേന്ദ്ര ചഹലിനെ വിട്ടുകളഞ്ഞതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. അഞ്ചിൽ ഒരു ജയം മാത്രമുള്ള ടീമിന് പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മുൻ സീസണിലെ അതേ അനുഭവമാകും ഇത്തവണയും കാത്തിരിക്കുന്നത്.

സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികൾ പിറന്ന മത്സരത്തിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനാണ് തകർത്തത്. ആർ.സി.ബിയുടെ വിജയ ലക്ഷ്യമായ 184 റൺസ് 19.1 ഓവറിൽ ആതിഥേയർ മറികടന്നു. സീസണിൽ ആദ്യമായി ഫോമിലേക്കുയർന്ന ജോസ് ബട്‌ലർ 100 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യപന്ത് സിക്‌സർ പായിച്ചാണ് വിജയവും സെഞ്ച്വറിയും നേടിയത്. 58 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്‌സറും സഹിതമാണ് ഇംഗ്ലീഷ് താരം തകർത്തടിച്ചത്. 42 പന്തിൽ 69 റൺസുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച പിന്തുണ നൽകി. ബെംഗളൂരുവിനായി റീസ് ടോഫ്‌ലി രണ്ട് വിക്കറ്റ് നേടി.  ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസ് കുറിച്ചത്. ഐപിഎൽ കരിയറിലെ എട്ടാം ശതകം സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ മികവിലായിരുന്നു ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. 72 പന്തിൽ 12 ബൗണ്ടറിയും നാല് സിക്സറും സഹിതം 113 റൺസുമായി കോഹ്ലി പുറത്താകാതെനിന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News