'വേണ്ട, അടിച്ചു കളിച്ചോളൂ'; കാർത്തികിനോട് കോഹ്‌ലി: കയ്യടിച്ച് ആരാധകർ
അര്‍ദ്ധ സെഞ്ച്വി പൂർത്തിയാക്കുവാൻ കോഹ്‌ലിയോട് സ്ട്രൈക്ക് വേണോയെന്ന് ദിനേശ് കാർത്തിക്ക് ചോദിക്കുന്നതും കോഹ്‌ലി വേണ്ടെന്ന് പറയുന്നതുമാണ് വീഡിയോ
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരം വിജയിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ ഒരു നീക്കത്തെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. അവസാന ഓവറിനിടെ അര്‍ദ്ധ സെഞ്ച്വി പൂർത്തിയാക്കുവാൻ കോഹ്‌ലിയോട് സ്ട്രൈക്ക് വേണോയെന്ന് ദിനേശ് കാർത്തിക്ക് ചോദിക്കുന്നതും കോഹ്‌ലി വേണ്ടെന്ന് പറയുന്നതുമാണ് പ്രശംസക്ക് വിധേയം.
മത്സരത്തിൽ 19ാം ഓവറിൽ തന്നെ കോഹ്‌ലി 49 റൺസ് നേടിയിരുന്നു. എന്നാൽ അവസാന ഓവറിൽ ഡി.കെ തകർത്തടിച്ചതോടെയാണ് കോഹ്‌ലിക്ക് സ്ട്രൈക്ക് ലഭിക്കാതെ പോയത്. അവസാന ഓവറിലെ പന്തുകളെല്ലാം ഡികെ അതിര്‍ത്തി കടത്തി. ഇതിനിടയിലാണ് കോഹ്‌ലിയോട് സ്ട്രൈക്ക് വേണോയെന്ന് ഡി.കെ ചോദിക്കുകയും വേണ്ടയെന്ന് കോഹ്‌ലി മറുപടി നൽകുന്നതും.
സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാൻ ദിനേശ് കാർത്തിക്കിനോട് കോഹ് ലി ആവശ്യപ്പെടുകയായിരുന്നു. കോഹ്‌ലിയുടെ നിർദ്ദേശം അനുസരിച്ച കാർത്തിക്, തുടരെ സിക്സറുകൾ പായിച്ച് ഇന്ത്യൻ സ്കോർ 237ൽ എത്തിക്കുകയായിരുന്നു. 237 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഇന്ത്യ വെച്ചത്. അതേസമയം 20 ഓവറില്‍ 215 റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ.
സെഞ്ച്വറി നേടിയ ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടിയ ക്വിന്‍റണ്‍ ഡീക്കോക്കും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായില്ല. അതേസമയം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വാളെടുത്തവരൊക്കെ വെളിച്ചപ്പാടായ മത്സരമായിരുന്നു. ഇന്ത്യക്കായി സൂര്യകുമാർ യാദവും കെ.എൽ രാഹുലും അർധ സെഞ്ച്വറി നേടി.. സൂര്യകുമാർ യാദവ് വെറും 22 പന്തിൽ 61 റൺസെടുത്തപ്പോൾ കെ.എൽ രാഹുൽ 28 പന്തിൽ 57 റൺസെടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിരാട് കോഹ്ലി 49 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
In addition to the run fest, a special moment as we sign off from Guwahati. ☺️#TeamIndia | #INDvSA | @imVkohli | @DineshKarthik pic.twitter.com/SwNGX57Qkc
— BCCI (@BCCI) October 2, 2022