ഐ.സി.സി ടൂർണമെന്റുകളിൽ പാകിസ്താനെതിരെ റെക്കോർഡുമായി വിരാട് കോഹ്‌ലി
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരെ 500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലിക്ക് സ്വന്തമായത്.
ഐ.സി.സി ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനോട് തോറ്റെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അഭിമാനിക്കാന്‍ നേട്ടങ്ങളേറെ. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരെ 500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലിക്ക് സ്വന്തമായത്. പാകിസ്താനെതിരെ വ്യക്തിഗത സ്‌കോര്‍ 20ല്‍ എത്തിയതോടെയാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ പാക് ടീമിനെതിരേ 543 റണ്‍സ് കോഹ്‌ലി സ്വന്തമാക്കിക്കഴിഞ്ഞു.
ആദ്യമായാണ് ഒരു ഇന്ത്യൻ താരം പാകിസ്താനെതിരെ 500 റൺസ് നേടുന്നത്. പതിനൊന്ന് മത്സരങ്ങളിൽ നിന്നായിരുന്നു വിരാട് കോഹ്‌ലിയുടെ നേട്ടം. പത്ത് മത്സരങ്ങളിൽ നിന്ന് 328 റൺസുമായി രോഹിത് ശർമ്മയാണ് കോഹ്‌ലിക്ക് പിന്നിലുള്ളത്. മൂന്നാം സ്ഥാനം ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ്. ആറ് മത്സരങ്ങളിൽ നിന്ന് സച്ചിൻ നേടിയത് 321 റൺസാണ്. അത്രയും മത്സരങ്ങളിൽ നിന്ന് 284 റൺസുമായി ബംഗ്ലാദേശിന്റെ ഷാക്കീബ് അൽ ഹസനാണ് തൊട്ടടുത്ത സ്ഥാനത്ത്.
അതേസമയം പാകിസ്താനെതിരായ കഴിഞ്ഞ മത്സരത്തിൽ വിരാട് കോഹ്‌ലി 57 റൺസാണ് നേടിയത്. 49 പന്തുകളിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് കോലിയാണ്. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. പാകിസ്താനായി ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും അർധസെഞ്ചുറി നേടി.