കോഹ്‍ലി ഡുപ്ലെസിസ് വെടിക്കെട്ട്; അനായാസം ബാംഗ്ലൂര്‍
കോഹ്‍ലി 49 പന്തില്‍ അഞ്ച് സിക്സറിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയില്‍ 82 റണ്‍സ് എടുത്തപ്പോള്‍ ഡുപ്ലെസിസ് 43 പന്തില്‍ 73 റണ്‍സടിച്ചു
ബംഗളൂരു: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ക്യാപറ്റന്‍ ഫാഫ് ഡുപ്ലെസിസും വിരാട് കോഹ്‍ലിയും തകര്‍ത്തടിച്ച മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ വിജയ ലക്ഷ്യം ബാംഗ്ലൂര്‍ 16.2 ഓവറില്‍ മറികടന്നു. ഓപ്പണിങ് വിക്കിറ്റില്‍ ഡുപ്ലെസിസും കോഹ്‍ലിയും ചേര്‍ന്ന് 148 റണ്‍സിന്‍റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. കോഹ്‍ലി 49 പന്തില്‍ അഞ്ച് സിക്സറിന്‍റെയും ആറ് ഫോറിന്‍റെയും അകമ്പടിയില്‍ 82 റണ്‍സ് എടുത്തപ്പോള്‍ ഡുപ്ലെസിസ് 43 പന്തില്‍ 73 റണ്‍സടിച്ചു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിനിങ്ങിനിറങ്ങിയ മുംബൈയുടെ മുൻനിര ബാറ്റർമാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ തിലക് വർമ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തിലക് വർമ 46 പന്തിൽ നാല് സിക്‌സുകളുടേയും ഒമ്പത് ഫോറിന്റേയും അകമ്പടിയിൽ പുറത്താവാതെ 84 റൺസ് എടുത്തു.
ടോസ് നേടി മുംബൈയെ ബാറ്റിങ്ങിനയച്ച ബാഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസിന്റെ തീരുമാനം ശരിവക്കും വിധമായിരുന്നു ആദ്യ ഓവറുകളില്‍ ബാംഗ്ലൂർ ബോളർമാരുടെ പ്രകടനം. മൂന്നാം ഓവറിൽ ഇഷാൻ കിഷനെ കൂടാരം കയറ്റി സിറാജാണ് മുംബൈക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ റീസ് ടോപ്ലി കാമറൂൺ ഗ്രീനിന്റെ കുറ്റി തെറിപ്പിച്ചു.
കളിയുടെ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ രോഹിത് ശർമ ആറാം ഓവറിൽ ആകാശ് ദീപിന് മുന്നിൽ വീണു. പത്ത് പന്ത് നേരിട്ട രോഹിതിന്റെ സമ്പാദ്യം ആകെ ഒരു റൺസായിരുന്നു. ഒമ്പതാം ഓവറിൽ സൂര്യ കുമാർ യാദവും കൂടാരം കയറിയതോടെ പ്രതിരോധത്തിലായ മുംബൈയെ നേഹാൽ വദേരയെ കൂട്ടുപിടിച്ച് തിലക് വർമ നടത്തിയ പോരാട്ടമാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അവസാന ഓവറുകളില്‍ അര്‍ഷദ് ഖാനും തിലകിന് മികച്ച പിന്തുണ നല്‍കി. ബാംഗ്ലൂരിനായി കരൺ ശർമ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാക്‌സ്‍വെല്‍ ഒഴികെയുള്ള മറ്റെല്ലാ ബോളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.