ഇങ്ങനെയും ആഘോഷിക്കാൻ പാടില്ലെ? വിരാട് കോഹ്‌ലിക്ക് 'പണി' കിട്ടി

ശിവം ദുബെയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയുടെ ആഘോഷം

Update: 2023-04-18 05:10 GMT
Editor : rishad | By : Web Desk

വിരാട് കോഹ്‌ലി

Advertising

ബാംഗ്ലൂർ: ചെന്നൈ സൂപ്പർകിങ്‌സിനെതിരായ മത്സരത്തിൽ അതിരുവിട്ട ആഘോഷത്തിന് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലിക്ക് പിഴശിക്ഷ. മത്സരത്തിൽ എട്ട് റൺസിന് ബാംഗ്ലൂർ തോറ്റിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 400 റൺസിലേറെ പിറന്ന മത്സരം വൻ ആവേശമായിരുന്നു. പിന്നാലെയാണ് കോഹ്ലിയുടെ ആവേശം അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടി കോഹ്‌ലിക്ക് പിഴയിട്ടത്.

മാച്ച് ഫീയുടെ പത്ത് ശതമാനമാണ് പിഴ. ഐപിഎൽ കോഡ് ഓഫ് കോണ്ടക്ട് ആർടികിൾ 2.2 ലംഘിച്ചെന്ന് കാണിച്ചാണ് ഐപിഎൽ ഭരണസമിയുടെ കണ്ടെത്തൽ. ശിവം ദുബെയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയുടെ ആഘോഷം. ക്യാച്ച് എടുത്തത് കോഹ്‌ലിയായിരുന്നില്ല. ഡീപിൽ മുഹമ്മദ് സിറാജാണ് ശിവം ദുബയെ പിടികൂടിയത്. മത്സരത്തിൽ തീപ്പൊരി ബാറ്റിങാണ് ശിവം ദുബെ കാഴ്ചവെച്ചിരുന്നത്. 26 പന്തിൽ നിന്ന് 52 റൺസാണ് ദുബെ നേടിയത്. ബാംഗ്ലൂരിന് പിടിച്ചാൽകിട്ടില്ല എന്ന നിലയിലേക്ക് ചെന്നൈ സ്‌കോർ ഉയർത്തുകയായിരുന്നു ദുബെ.

ഈ ഘട്ടത്തിലായിരുന്നു ദുബെയെ പിടികൂടിയത്. ഇതിന്റെ ആഹ്ലാദമെല്ലാം കോഹ്‌ലിയുടെ മുഖത്ത് കാണാമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ സമാനരീതിയിലുള്ള ആഹ്ലാദം പ്രകടിപ്പിച്ചതിന് മുംബൈ ഇന്ത്യൻസ് താരം ഹൃത്വിക് ഷൊക്കീനും പിഴ ചുമത്തിയിരുന്നു. ടോസ് നേടിയ ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 226 റൺസ് അടിച്ചെടുത്തത്. ഡെവൻ കോൺവെ(83) ശിവംദുബെ(52)അജിങ്ക്യ രാഹനെ(37) എന്നിവരുടെ സ്‌കോറുകളാണ് ചെന്നൈ സ്‌കോർ 200 കടത്തിയത്.

മറുപടി ബാറ്റിങിൽ ബാംഗ്ലൂരും തിരിച്ചടിച്ചെങ്കിലും എട്ട് റൺസ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഫാഫ് ഡുപ്ലെസിയും(62)ഗ്ലെൻ മാക്‌സ്‌വെൽ(76) തകർത്തടിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ലക്ഷ്യത്തിലെത്തിക്കാൻ പിന്നീട് വന്നവർക്ക് കഴിഞ്ഞില്ല. ജയത്തോടെ ചെന്നൈ സൂപ്പർകിങ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്റാണ് ചെന്നൈയുടെ അക്കൗണ്ടിലുള്ളത്. എട്ട് പോയിന്റോടെ രാജസ്ഥാൻ റോയൽസാണ് ഒന്നാം സ്ഥാനത്ത്‌. 



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News