ഏകദിന റാങ്കിങ്ങിൽ എട്ടാമതെത്തി കോഹ്‌ലി; ഇഷാന് 117 റാങ്കിന്റെ കുതിപ്പ്
റാങ്കിങ്ങിൽ പത്താം സ്ഥാനത്തായിരുന്ന കോഹ്‌ലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി
ഡൽഹി: ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി നേട്ടത്തിന്റെ പിൻബലത്തിൽ ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. റാങ്കിങ്ങിൽ പത്താം സ്ഥാനത്തായിരുന്ന കോഹ്‌ലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി.
അതേസമയം, ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഇരട്ടശതകം നേടിയ ഇഷാൻകിഷൻ 117 സ്ഥാനം മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 37ാം സ്ഥാനത്തെത്തി. ഇന്ത്യയുടെ മറ്റൊരു താരം ശ്രേയസ് അയ്യർ പട്ടികയിൽ 15ാം സ്ഥാനത്തുണ്ട്. പാക് ക്യാപ്റ്റൻ ബാബർ അസമാണ് ഏകദിന പട്ടികയിൽ ഒന്നാമത്. പാകിസ്താന്റെ തന്നെ ഇമാം ഉൾ ഹഖ് രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ വാൻഡെർ ദസ്സൻ മൂന്നാം സ്ഥാനത്തുമാണ്.
ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ന്യൂസിലാൻഡിന്റെ ട്രെൻഡ് ബോൾട്ടാണ് ഒന്നാമത്. ഓസ്‌ട്രേലിയയുടെ ഹേസൽവുഡ് രണ്ടാമതും മിച്ചൽ സ്റ്റാർക്ക് മൂന്നാമതുമാണ്. ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളർമാരും ഇല്ല.