ഇത് ചരിത്രം; കോഹ്ലിക്ക് മുന്നിൽ കടപുഴകി സച്ചിന്‍റെ റെക്കോർഡ്
87 പന്തുകളിൽ നിന്ന് 12 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയിൽ 113 റൺസാണ് കോഹ്ലി ഒറ്റക്ക് അടിച്ചെടുത്തത്
ഗുവാഹത്തി: ഗുവാഹത്തി സ്‌റ്റേഡിയത്തിൽ ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തുമ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് വിരാട് കോഹ്ലി എന്ന അതികായനായിരുന്നു. കോഹ്ലിക്ക് തുല്യം കോഹ്ലി മാത്രമാണ് എന്ന് അയാൾ ഒരിക്കൽ കൂടി തന്റെ വിമർശകരോട് വിളിച്ചു പറയുകയായിരുന്നു.
87 പന്തുകളിൽ നിന്ന് 12 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയിൽ 113 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. ഇന്ത്യ ഉയർത്തിയ കൂറ്റൻ സകോറിൽ വലിയൊരു സംഭാവന കോഹ്ലിയുടെ വകയാണ്. ഒടുക്കം കുശാൽ മെൻഡിസിന് കാച്ച് നൽകി മടങ്ങുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ ചില റെക്കോർഡുകളും കോഹ്ലിക്ക് മുന്നിൽ പഴങ്കഥയായി. അതും സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുടേത് മാത്രമായിരുന്ന റെക്കോർഡുകൾ!!
ശ്രീലങ്കക്കെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കോർഡ് ഇക്കാലമത്രയും സച്ചിന്റേയും കോഹ്ലിയുടേയും പേരിലായിരുന്നു. എട്ട് സെഞ്ച്വറികൾ. ഈ സെഞ്ച്വറിയോടെ ഒമ്പത് സെഞ്ച്വറികളുമായി സച്ചിനേയും മറികടന്ന് കോഹ്‍ലി ഒന്നാമതെത്തി.
ഏകദിന ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡ് സച്ചിന്റെ പേരിലായിരുന്നു. 20 സെഞ്ച്വറികൾ. ശ്രീലങ്കക്കെതിരായ സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്റെ ഈ റെക്കോർഡിനൊപ്പവുമെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലിയുടെ 73-ാം സെഞ്ച്വറിയാണിത്. ഏകദിനത്തിൽ നാൽപ്പത്തിയഞ്ചാമത്തേതും.
നിശ്ചിത അമ്പത് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 373 റൺസാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 143 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 67 പന്തിൽനിന്ന് മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും സഹിതം രോഹിത് 83 റണ്‍സാണ് അടിച്ചെടുത്തത്. അരങ്ങേറ്റ മത്സരം കളിച്ച ദിൽഷൻ മധുശങ്കയുടെ പന്തിൽ നായകൻ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. 60 പന്ത് നേരിട്ട ഗിൽ 11 ബൗണ്ടറികൾ നേടി. ശനകയാണ് ഗില്ലിനെ വിക്കറ്റിനു മുമ്പിൽ കുടുക്കിയത്.
വൺഡൗണായെത്തിയ വിരാട് കോഹ്‌ലി 47 പന്തിൽനിന്നാണ് അർധശതകം പൂർത്തിയാക്കിയത്. തൊട്ടുപിന്നാലെ, 37-ാം ഓവറിൽ സ്‌കോർ 52ൽ നിൽക്കെ കോഹ്‌ലിക്ക് ജീവൻ കിട്ടി. രജിതയുടെ പന്തിൽ മെൻഡിസാണ് കോഹ്‌ലിയെ കൈവിട്ടത്. 43-ാം ഓവറിലും കോഹ്‌ലി ജീവൻ നീട്ടിയെടുത്തു. ഇത്തവണ എക്‌സ്ട്രാ കവറിൽ രജിതയുടെ പന്തിൽ ശനകയാണ് ക്യാച്ച് കൈവിട്ടത്.
28 റൺസുമായി ശ്രേയസ് അയ്യരും 39 റൺസുമായി കെഎൽ രാഹുലും കോഹ്‌ലിക്ക് പിന്തുണ നൽകി. ഹർദിക് പാണ്ഡ്യ 14 ഉം അക്‌സർ പട്ടേൽ ഒമ്പതും റൺസെടുത്തു. ലങ്കയ്ക്കായി കസുൻ രജിത ഒമ്പത് ഓവറിൽ 84 റൺസ് വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി.
ടി20 പരമ്പര ജയത്തിന് ശേഷമാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. ടി20യിൽ കളിച്ച എട്ടു താരങ്ങൾ ടീമിലില്ല. രോഹിത്, കോഹ്‌ലി, കെഎൽ രാഹുൽ തുടങ്ങിയ പ്രമുഖർ തിരിച്ചെത്തുകയും ചെയ്തു.