'കോഹ്‌ലി അടുത്ത സീസണിൽ ആർസിബി ക്യാപ്റ്റനാകും'; കാരണം പറഞ്ഞ് ഇന്ത്യൻ താരം

നായകനെന്ന നിലയില്‍ ആര്‍.സി.ബിയെ കഴിഞ്ഞ പത്ത് സീസണുകളിലായി കോഹ്‍ലിയാണ് നയിച്ചിരുന്നത്

Update: 2022-03-23 12:15 GMT
Advertising

വിരാട് കോഹ്‌ലി അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. മാർച്ച് 27ന് പഞ്ചാബ് കിങ്‌സിനെതിരെ ആർസിബി ആദ്യ മത്സരം കളിക്കുന്ന പശ്ചാത്തലത്തിലാണ് അശ്വിൻ ടീമിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ വിശകലനം ചെയ്തത്.

 'കഴിഞ്ഞ കുറച്ചു വർഷങ്ങളായി കോഹ്‌ലി ക്യാപ്റ്റൻസിയുടെ അമിതഭാരം അനുഭവിക്കുകയായിരുന്നു. ഈ വർഷം അദ്ദേഹത്തിന് ഒരു ഇടവേളയാണ്. അടുത്ത വർഷം അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തും' അശ്വിൻ പറഞ്ഞു. ഇന്ത്യൻ ടെസ്റ്റ്, ടി 20 ക്യാപ്റ്റൻസികൾ ഉപേക്ഷിച്ച കോഹ്‌ലിയെ ഏകദിന നായകപദവിയിൽ നിന്ന് ബിസിസിഐ നീക്കുകയായിരുന്നു. ഇതേസമയത്ത് തന്നെ ആർസിബി ക്യാപ്റ്റൻസിയും താരം ഉപേക്ഷിച്ചിരുന്നു.

കോഹ്‌ലി നായക പദവിയിൽനിന്ന് ഒഴിയുമെന്ന് കഴിഞ്ഞ ഐപിഎൽ സീസണിന്റെ പകുതിയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ബംഗളൂരുവിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ ആർസിബി ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഫാഫ് ഡു പ്ലെസിസിനെ ഏഴേകാൽ കോടി മുടക്കി ടീമിലെത്തിക്കുകയായിരുന്നു. സിഎസ്‌കെയുടെ നഷ്ടം ആർസിബിയുടെ ഭാഗ്യമായപ്പോൾ നായകപദവിയും ടീം ഈ ദക്ഷിണാഫ്രിക്കൻ താരത്തിന് നൽകുകയായിരുന്നു. ഡുപ്ലെസിസ് രണ്ടോ മൂന്നോ കൊല്ലം മാത്രമേ കളിക്കളത്തിലുണ്ടാകൂവെന്നും താരത്തിന്റെ കരിയർ ഏറെക്കുറെ അവസാനിക്കാനായിരിക്കേ ക്യാപ്റ്റൻസി നൽകിയത് ഉചിത തീരുമാനമായിരുന്നുവെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. ഒരുപാട് പരിചയസമ്പത്തുള്ള അദ്ദേഹത്തിന്റെ നായകത്വത്തിൽ ധോണി ടെച്ച് കാണാമെന്നും അദ്ദേഹം പറഞ്ഞു.



കഴിഞ്ഞ സീസണിന്‍റെ പകുതിയോടെയാണ് ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് സീസണിനു ശേഷം താന്‍ നായകസ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്ന് വിരാട് പ്രഖ്യാപിക്കുന്നത്. നായകസ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും ടീമിന്‍റെ ഭാഗമായി തുടരുമെന്നും കോഹ്‍ലി അറിയിച്ചിരുന്നു. നായകനെന്ന നിലയില്‍ ആര്‍.സി.ബിയെ കഴിഞ്ഞ പത്ത് സീസണുകളിലായി കോഹ്‍ലിയാണ് നയിച്ചിരുന്നത്. 132 മത്സരങ്ങളില്‍ ബാംഗ്ലൂരിനെ നയിച്ചെങ്കിലും ഒരു തവണ പോലും ബാംഗ്ലൂരിനെ കിരീടനേട്ടത്തിലേക്കെത്തിക്കാന്‍ കോഹ്‍ലിക്കായിട്ടില്ല. ക്യാപ്റ്റന്‍സി ഒഴിഞ്ഞെങ്കിലും ഐ.പി.എല്‍ മെഗാ താരലേലത്തിന് മുമ്പ് തന്നെ 15 കോടി രൂപ നല്‍കി കോഹ്‍ലിയെ ആര്‍.സി.ബി നിലനിര്‍ത്തിയിരുന്നു.നേരത്തെ ഗ്ലെന്‍ മാക്സ്വെലിന്‍റെ പേരാണ് ആര്‍.സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുഴങ്ങിക്കേട്ടിരുന്നത്. ആര്‍.സി.ബി അണ്‍ബോക്‌സെന്ന ചടങ്ങില്‍വെച്ചാണ് ഡുപ്ലെസിയാണ് ക്യാപ്റ്റനെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. പുതിയ നായകനെ തെരഞ്ഞെടുക്കുന്നതിനൊപ്പം വരാനിരിക്കുന്ന സീസണിലേക്കുള്ള ജെഴ്‌സിയും റോയല്‍ ചാലഞ്ചേഴ്സ് പുറത്തിറക്കി. താരലേലത്തിൽ ഏഴേകാൽ കോടി രൂപയ്ക്കാണ് ചെന്നൈയില്‍ നിന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ ബാംഗ്ലൂര്‍ സ്വന്തം തട്ടകത്തിലെത്തിച്ചത്.

ഇതെന്താ ലൂപ്പോ? 2011 ലെ ചരിത്രം ആവർത്തിച്ച് 2022 ഐപിഎൽ

ലോകത്ത് തന്നെ ഏറ്റവും ജനപ്രീതിയുള്ള പണക്കിലുക്കമുള്ള ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ചിലപ്പോൾ ചില അപൂർവതകൾക്കും ഐപിഎൽ വേദിയാകാറുണ്ട്. അത്തരത്തിലൊരു അത്ഭുതം നടന്നിരിക്കുകയാണ് ഇത്തവണ-അതും സീസൺ ആരംഭിക്കും മുമ്പ് തന്നെ. യഥാർത്ഥത്തിൽ ചരിത്രം ആവർത്തിക്കുകയാണ് ഇത്തവണ 2011 ഐപിഎൽ സീസണിന്റെ ചില പ്രത്യേകതകൾ അതേപ്പടി ഇപ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്.

  • 2011 ലും ഈ സീസണിലും 10 ടീമുകളാണ് ആകെ ഏറ്റുമുട്ടുന്നത്. മാത്രമല്ല ഗ്രൂപ്പുകളായി തിരിച്ചാണ് 2011 ൽ മത്സരങ്ങൾ നടന്നതും 2022 ൽ മത്സരങ്ങൾ നടക്കാൻ പോകുന്നത്.
  • 2011 ൽ ആദ്യമത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലായിരുന്നു. ഇത്തവണയും മാർച്ച 26 ന് ആദ്യ മത്സരം ചെന്നൈയും കൊൽക്കത്തയും തമ്മിലാണ്.
  • മറ്റൊരു സാമ്യം ഇരു സീസണുകളും ആരംഭിക്കുമ്പോൾ അഥവാ നിലവിലെ ചാമ്പ്യൻമാർ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സാണ്.
  • മറ്റൊരു പ്രത്യേകത 2011 ലും ഇത്തവണയും കൊൽക്കത്തയ്ക്ക് അവരുടെ നായകന് വേണ്ടി വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ്. 2011 ൽ 11.04 കോടി കൊടുത്താണ് അന്നത്തെ നായകൻ ഗൗതം ഗംഭീറിനെ അവർ ടീമിലെടുത്തത്. ഇത്തവണയാകട്ടെ നായകൻ ശ്രേയസ് അയ്യർക്ക് വേണ്ടി അവർക്ക് 12.25 കോടി ചെലവഴിക്കേണ്ടി വന്നു.
  • അവസാന പ്രത്യേകത സൺറൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ചാണ് 2011 ൽ അവരെ നയിച്ച കുമാർ സംഗക്കാര തൊട്ടുമുമ്പ് നടന്ന ഐസിസി ട്രോഫിയിൽ (ഏകദിന ലോകകപ്പ്) ഫൈനലിൽ തോറ്റ ശ്രീലങ്കയുടെ നായകനായിരുന്നു. ഇത്തവണ അവരെ നയിക്കുന്ന കെയിൻ വില്യംസണാകട്ടെ 2021 ൽ നടന്ന ഐസിസി ട്രോഫിയിൽ (20-20 ലോകകപ്പ്) ഫൈനലിൽ തോറ്റ നായകനാണ്.

ചരിത്രം മത്സരങ്ങളിലും ആവർത്തിച്ചാൽ ചെന്നൈ സൂപ്പർ കിങ്‌സിനാണ് നേട്ടം- കാരണം 2011 ൽ ബാഗ്ലൂരിനെ തോൽപ്പിച്ച് കിരീടം നേടിയത് ചെന്നൈയുടെ ധോണിപ്പടയാണ്.


Full View


Virat Kohli to return as captain of Royal Challengers Bangalore next Indian Premier League season: Ravichandran Ashwin

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News